കാമുകിക്കൊപ്പം വാലൻ്റൈൻസ് ദിനം ആഘോഷിച്ച കാമുകൻ ബിൽ കണ്ട് ഞെട്ടി; പണി പറ്റിച്ചത് വൈൻ

കഴിഞ്ഞ ദിവസം നടന്ന വാലന്റൈൻസ് ദിന ആഘോഷങ്ങളുടെ ഭാഗമായി കാമുകിയ്ക്ക് ഒപ്പം ഭക്ഷണം കഴിക്കാൻ എത്തിയ കാമുകൻ ബിൽ കണ്ട് ഞെട്ടി. അബദ്ധത്തിൽ ഓർഡർ ചെയ്ത വൈൻ ആണ് കണ്ണുനിറയ്ക്കുന്ന ബിൽ വരാൻ കാരണം. കഴിഞ്ഞ രണ്ട് വർഷമായി ജപ്പാനിൽ താമസിക്കുന്ന കാമുകൻ തന്റെ കാമുകിയ്ക്ക് വേണ്ടി വാലന്റൈൻസ് ദിനത്തിൽ ഭക്ഷണം ഓർഡർ ചെയ്തിരുന്നു. ഭക്ഷണത്തിനിനൊപ്പം 2013 അമ്യൂസ് ബൗച്ചിന്റെ ഒരു കുപ്പി വൈനും തിരഞ്ഞെടുത്തു.

 

കിട്ടിയ ഉടനെ വൈൻ രണ്ട് പേരും അകത്താക്കുകയും ചെയ്തു. വൈനിന് 80 പൌണ്ട് ആണെന്ന് കരുതിയാണ് കാമുകൻ വാങ്ങിയത്. എന്നാൽ വൈനിന്റെ യഥാർത്ഥ വില 800 ഡോളറിനടുത്തായിരുന്നു. റെഡ്ഡിറ്റിൽ കാമുകൻ തന്നെയാണ് തനിയ്ക്ക് വാലന്റൈൻസ് ദിനത്തിൽ പറ്റിയ അബദ്ധത്തെക്കുറിച്ച് പങ്കുവച്ചത്.

 

താൻ ഏകദേശം രണ്ട് വർഷമായി ജപ്പാനിലാണ് താമസിക്കുന്നതെന്നും ആറുമാസമായി ഒരു പെൺകുട്ടിയുമായി പ്രണത്തിലാണെന്നും ഇന്ന് വാലന്റൈൻസ് ദിനം ആയതിനാൽ, ഒരു റെസ്റ്റോറന്റിൽ ഭക്ഷണത്തിനായി സീറ്റ് ബുക്ക് ചെയ്തിരുന്നുവെന്നും കാമുകൻ റെഡ്ഡിറ്റിൽ എഴുതി. ഇവിടെ രണ്ട് പേർക്കുള്ള ഭക്ഷണത്തിന് വളരെ കുറഞ്ഞ തുക മാത്രമേ ചെലവായുള്ളൂവെന്നും എന്നാൽ അൽപ്പം റൊമാന്റിക് ഡിന്നർ ആക്കുന്നതിന് ഒരു കുപ്പി വൈൻ ഓർഡർ ചെയ്തതോടെ പണി പാളിയെന്നും കാമുകന്റെ റെഡ്ഡിറ്റ് കുറിപ്പിൽ പറയുന്നു.

 

വൈനിനെക്കുറിച്ച് തനിയ്ക്ക് നന്നായി അറിയാമെന്ന് കാമുകിയുടെ മുന്നിൽ അറിയിക്കാതിരിക്കാൻ കാമുകൻ ഏത് വൈനാണ് ഏറ്റവും നല്ലതെന്ന് വെയിറ്ററോട് ചോദിച്ചു. മെനു അടങ്ങിയ ഒരു ടാബ്‌ലെറ്റുമായി മടങ്ങിയെത്തിയ വെയിറ്റർ വില കൂടിയ വൈനുകളുടെ ലിസ്റ്റ് ആണ് ആദ്യം കാണിച്ചത്. എന്നാൽ കാമുകിയെ അറിയിക്കാതെ കുറഞ്ഞ വിലയുള്ള വൈനുകളുടെ പട്ടികയിലേയ്ക്ക് കാമുകൻ നീങ്ങി. 80 ഡോളർ ആണെന്ന് കരുതി  വൈൻ ഓർഡർ ചെയ്യുകയും ചെയ്തു. എന്നാൽ പിന്നീട് കാമുകി പറയുമ്പോഴാണ് 80,000 യെൻ ആണ് വൈനിന്റെ വില എന്നും ഇത് ഡോളറിലേയ്ക്ക് മാറ്റുമ്പോൾ 800 ഡോളർ ആണെന്നും കാമുകൻ തിരിച്ചറിഞ്ഞത്.

 

അപ്പോഴേയ്ക്കും വൈൻ കുപ്പി കാലിയാകാറായിരുന്നു. ഇക്കാര്യം തമാശയായാണ് കണ്ടതെങ്കിവും തന്റെ ബാങ്ക് അക്കൗണ്ട് കാലിയായതായി കാമുകൻ കുറിപ്പിൽ വ്യക്തമാക്കി. ബിൽ വരുന്നതിന് മുമ്പ് തന്നെ താൻ മാനസികമായി തയ്യാറെടുപ്പ് നടത്തിയെന്നും കാമുകൻ പറഞ്ഞു. അടുത്ത 10 വാലന്റൈൻസ് ദിനങ്ങളിൽ ഇനി നമ്മൾ പൈപ്പ് വെള്ളം കുടിക്കുമെന്നും കാമുകൻ തന്റെ കാമുകിയോട് തമാശയായി പറഞ്ഞുവെന്നും റെഡ്ഡിറ്റിലെ കുറിപ്പിൽ പറയുന്നു.