നിഷ് ലോകോത്തര സ്ഥാപനം: മന്ത്രി കെ കെ ശൈലജ

നിഷ് വികസിപ്പിച്ച സംസ്ഥാനത്തെ ആദ്യ ഓഡിയോ വിഷ്വല്‍ സ്റ്റുഡിയോയുടെ ഉദ്ഘാടനവും ബാച്ചിലര്‍ ഓഫ് ഒക്കുപ്പേഷണല്‍ തെറാപ്പി കോഴ്‌സിന്റെ പ്രഖ്യാപനവും സാമൂഹ്യ നീതി വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ വീഡിയോ കോണ്‍ഫറസിംഗിലൂടെ നിര്‍വ്വഹിക്കുന്നു. നിഷിലെ സെന്റര്‍ ഫോര്‍ അസിസ്റ്റീവ് ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷന്‍ ഡയറക്ടര്‍ ഡോ കെ ജി സതീഷ് കുമാര്‍, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറും നിഷ് എക്‌സിക്യുട്ടീവ് ഡയറക്ടറുമായ ശ്രീമതി ഷീബ ജോര്‍ജ് ഐഎഎസ്, കുളത്തൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി നാജ ബി എന്നിവരെ സ്റ്റേജില്‍ കാണാം.
തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും നൈപുണ്യത്തിനും ഊന്നല്‍ നല്‍കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്)  ലോകോത്തര സ്ഥാപനമായി മാറിയതായി  സാമൂഹ്യ നീതി വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ അഭിപ്രായപ്പെട്ടു. ഭിന്നശേഷി സേവനത്തിനായി നിഷില്‍ വികസിപ്പിച്ച സംസ്ഥാനത്തെ ആദ്യ ഓഡിയോ വിഷ്വല്‍ സ്റ്റുഡിയോയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിഷില്‍ ആരംഭിച്ച കേരളത്തിലെ ആദ്യ ബാച്ചിലര്‍ ഓഫ് ഒക്കുപ്പേഷണല്‍ തെറാപ്പി കോഴ്സിന്‍റെ പ്രഖ്യാപനവും മന്ത്രി നടത്തി.
നിഷ് നിരവധി വളര്‍ച്ച കൈവരിച്ചു. സൂമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാര്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പമാണ് നിഷിന്‍റെ വികസനവും. ഭിന്നശേഷിക്കാരുടെ മുന്നേറ്റത്തിന് ഓഡിയോ വിഷ്വല്‍ സ്റ്റുഡിയോ മുതല്‍ക്കൂട്ടാകും. ഒക്കുപ്പേഷണല്‍ തെറാപ്പി മേഖലയില്‍ വര്‍ധിച്ചു വരുന്ന ആവശ്യകത മുന്നില്‍കണ്ടാണ് നിഷ് ബാച്ചിലര്‍ ഓഫ് ഒക്കുപ്പേഷണല്‍ തെറാപ്പി കോഴ്സ് ആരംഭിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഭിന്നശേഷിക്കാര്‍ക്ക് ആശ്രയവും കരുതലുമായി വളരുന്ന പ്രസ്ഥാനമായി നിഷ് മാറിയതായി അദ്ധ്യക്ഷനായിരുന്ന ടൂറിസം-ദേവസ്വം-സഹകരണ മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നിഷ് തുടക്കമിട്ട പ്രഥമ ഓഡിയോ വിഷ്വല്‍ സ്റ്റുഡിയോ രാജ്യത്തിനു മാതൃകയാകും. സാമൂഹ്യ നീതീ വകുപ്പ് ഡയറക്ടറും നിഷ് എക്സിക്യുട്ടീവ് ഡയറക്ടറുമായ ശ്രീമതി ഷീബ ജോര്‍ജ് ഐഎഎസിന്‍റെ നേതൃത്വത്തില്‍ മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംപ്രേഷണം ചെയ്ത ആംഗ്യഭാഷ വാര്‍ത്തകള്‍ക്ക് ശ്രവണ പരിമിതരില്‍ നിന്നും മികച്ച സ്വീകാര്യത നേടാനായതായും മന്ത്രി വ്യക്തമാക്കി.
സാമൂഹ്യനീതി – വനിതാ ശിശുവികസന വകുപ്പ് സെക്രട്ടറി ശ്രീ ബിജു പ്രഭാകര്‍ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി. ഷീബ ജോര്‍ജ് ഐഎഎസ്, നിഷിലെ സെന്‍റര്‍ ഫോര്‍ അസിസ്റ്റീവ് ടെക്നോളജി ആന്‍ഡ് ഇന്നൊവേഷന്‍ ഡയറക്ടര്‍ ഡോ കെ ജി സതീഷ് കുമാര്‍, കുളത്തൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി നാജ ബി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.