
തിരുവനന്തപുരം: ആഗോള ഐടി പ്രമുഖരായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) കേരളത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള പദ്ധതിയില്‍ ഒപ്പുവച്ചു. 1200-1500 കോടി രൂപയുടെ വന്‍ നിക്ഷേപം സംസ്ഥാനത്തേക്ക് കൊണ്ടുവരുന്ന പദ്ധതിക്കായി പളളിപ്പുറം ടെക്നോസിറ്റിയിലെ 97 ഏക്കര്‍ സ്ഥലം പാട്ടത്തിന് നല്‍കാനുള്ള ധാരണാപത്രത്തിലാണ് ഒപ്പുവച്ചത്.
വിജ്ഞാന സമ്പദ്വ്യവസ്ഥയാകാനുള്ള സംസ്ഥാനത്തിന്‍റെ തയ്യാറെടുപ്പിലെ പ്രധാന മുന്നേറ്റമായി കരാറിനെ വിശേഷിപ്പിച്ച ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ ടിസിഎസും ടെക്നോപാര്‍ക്കും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.
വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച മുഖ്യമന്ത്രി, കോവിഡ് -19 മൂലമുണ്ടായ പ്രതിസന്ധിയെത്തുടര്‍ന്ന് നിരവധി കമ്പനികള്‍ വിപുലീകരണ പദ്ധതികള്‍ നിര്‍ത്തിവച്ചിരിക്കുന്ന സാഹചര്യത്തില്‍ പുതിയ ദൗത്യവുമായി ടിസിഎസ് മുന്നോട്ട് വന്നതിനെ അഭിനന്ദിച്ചു.
20,000 ത്തോളം നേരിട്ടുള്ള ജോലികള്‍ നല്‍കുന്ന ഈ പദ്ധതി കേരളത്തിന്‍റെ ഐ.ടി മേഖലയെ സംബന്ധിച്ച് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, മെഷീന്‍ ലേണിംഗ്, റോബോട്ടിക്സ്, ബ്ലോക്ക് ചെയിന്‍ തുടങ്ങിയ പുതിയ സാങ്കേതികവിദ്യകള്‍ പ്രയോഗിച്ചുകൊണ്ട് പ്രതിരോധ, എയ്റോസ്പേസ് ടെക്നോളജി സംരംഭങ്ങളുടെ പ്രധാന ലക്ഷ്യസ്ഥാനമായ ടെക്നോസിറ്റിയില്‍ ടിസിഎസ് കാമ്പസ് തുറക്കുന്നുവെന്നതും പ്രധാനമാണ്. ടിസിഎസ് കാമ്പസിനുള്ളില്‍ നിര്‍ദ്ദിഷ്ട സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്റര്‍ സ്ഥാപിക്കുന്നത് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്താന്‍ സഹായിക്കും. ടിസിഎസിന്‍റെ സാന്നിധ്യം കൂടുതല്‍ വന്‍കിട കമ്പനികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരള ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, ഐടി ആന്‍റ് ഇലക്ട്രോണിക്സ് സെക്രട്ടറി ശ്രീ. മുഹമ്മദ് സഫീറുള്ള, ടിസിഎസ് എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ശ്രീ. എന്‍.ജി. സുബ്രഹ്മണ്യം, ടാറ്റാ ഗ്രൂപ്പ് ഉപദേഷ്ടാവ് ശ്രീ. മാധവന്‍ നമ്പ്യാര്‍, ടിസിഎസ് സീനിയര്‍ എക്സിക്യൂട്ടീവ് ശ്രീ. അലോക് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ടെക്നോപാര്‍ക്ക് സിഇഒ ശ്രീ. ശശി പിലാച്ചേരി മീത്തലും ടെക്നോപാര്‍ക്കിലെ ടിസിഎസിന്‍റെ കേരള ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്‍റും തലവനുമായ ശ്രീ. ദിനേശ് പി. തമ്പിയും തമ്മില്‍ കരാര്‍ കൈമാറി.
ടിസിഎസും ടെക്നോപാര്‍ക്കും തമ്മിലുള്ള സഹകരണത്തിന് കേരളത്തിലെ ഐടി മേഖലയെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ കഴിയുമെന്നും ടെക്നോസിറ്റിയിലെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുമായി ടിസിഎസ് മികച്ച സഹകരണം സൃഷ്ടിക്കുമെന്നും ഡോ. വിശ്വാസ് മേത്ത പറഞ്ഞു.
ടിസിഎസിന്‍റെ പദ്ധതികള്‍ക്ക് എല്ലാ പിന്തുണയും നല്‍കിയതിന് ശ്രീ. എന്‍.ജി. സുബ്രഹ്മണ്യം സംസ്ഥാന സര്‍ക്കാരിനോട് നന്ദി പറഞ്ഞു.
ടെക്നോസിറ്റിയിലെ 97 ഏക്കര്‍ സ്ഥലം 90 വര്‍ഷത്തേക്കാണ് ടി.സി.എസിന് പാട്ടത്തിന് നല്‍കിയിട്ടുള്ളത്. എഞ്ചിനീയറിംഗ്, പ്രൊഡക്റ്റ് ഡവലപ്മെന്‍റ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സേവനങ്ങള്‍ ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്, ബ്ലോക്ക് ചെയിന്‍, റോബോട്ടിക്സ്, ഡാറ്റാ അനലിറ്റിക്സ്, മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് തുടങ്ങിയ പുതിയ തലമുറ സാങ്കേതികവിദ്യയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് എയ്റോസ്പേസ് മേഖലകള്‍ ടെക്നോസിറ്റിയിലെ പുതിയ സമുച്ചയത്തില്‍ വരും. ഗ്രൂപ്പ് കമ്പനിയായ ടാറ്റ എല്‍ക്സി അവരുടെ ഡിജിറ്റല്‍ വികസന കേന്ദ്രം ടെക്നോസിറ്റിയില്‍ ടിസിഎസ് കാമ്പസിനുള്ളില്‍ സ്ഥാപിക്കും. 22-28 മാസങ്ങള്‍ക്കുള്ളില്‍ ഇത് പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.