സർ എന്നു വിളിക്കേണ്ട; നിങ്ങൾക്കെന്നെ രാഹുലെന്നോ അണ്ണനെന്നോ വിളിക്കാം: വൈറലായി വിഡിയോ

പുതുച്ചേരി: സർ ഞാൻ ഇവിടെ ഉണ്ടെന്നു പറഞ്ഞു കൊണ്ട് ചോദ്യത്തിലേക്ക് കടക്കുന്ന വിദ്യാർഥിനിയെ തിരുത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കയ്യടിച്ച് സമൂഹമാധ്യമങ്ങൾ. നോക്കൂ… എന്റെ പേര് സർ എന്നല്ല. ഓകെ. അതുകൊണ്ട് ദയവായി എന്നെ നിങ്ങൾ രാഹുൽ എന്ന് വിളിക്കൂ.. നിങ്ങൾക്ക് നിങ്ങളുടെ പ്രിൻസിപ്പലിനെ സർ എന്ന് വിളിക്കാം. അധ്യാപകരെ സർ എന്ന് വിളിക്കാം. എന്നെ നിങ്ങൾ ദയവായി രാഹുൽ എന്ന് വിളിക്കൂ.. വിദ്യാർഥിനികൾ ഹർഷാരവങ്ങളോടെയാണ് രാഹുൽ ഗാന്ധിയുടെ വാക്കുകളെ വരവേറ്റത്. എന്നാൽ രാഹുൽ അണ്ണാ എന്ന് വിളിക്കട്ടെ എന്ന് വിദ്യാർഥിനി ചോദിച്ചപ്പോള്‍ വിളിക്കാമെന്നും അദ്ദേഹം പറയുന്നുണ്ട്.

രാഹുൽ ഗാന്ധിയുടെ പുതുച്ചേരി സന്ദർശന വേളയിൽ ഭാരതി ദാസൻ സർക്കാർ വനിതാ കോളജിലെ വിദ്യാർഥികളുമായുള്ള സംവാദമാണ് ദേശീയ തലത്തിൽ ശ്രദ്ധേയമായത്. സംവാദത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

മുൻപ് ചെന്നൈ സ്റ്റെല്ലാ മേരീസ് കോളജിലെ വിദ്യാർഥികളുമായി സംവദിക്കുമ്പോഴും സമാനമായി രാഹുൽ പറഞ്ഞിരുന്നു. പുതുച്ചേരി സന്ദർശനത്തിനു പിന്നാലെ ‘ഇന്ത്യ വാണ്ട്സ് രാഹുൽ ഗാന്ധി’ ഹാഷ്ടാഗ് ട്രെൻഡിങായിരുന്നു. ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ വിദ്യാർഥിനി രാഹുലിന്റെ കൈപിടിച്ച് തുള്ളിച്ചാടുന്ന വിഡിയോ ഏറെ ശ്രദ്ധ നേടി.