അഭിഭാഷക ദമ്പതികളെ കാറില്‍ നിന്ന് പിടിച്ചിറക്കി നടുറോഡില്‍ വെട്ടിക്കൊന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ സര്‍ക്കാരിനെതിരെ കേസുകള്‍ നടത്തുന്ന അഭിഭാഷക ദമ്പതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. തെലങ്കാന ഹൈക്കോടതിയിലെ അഭിഭാഷകരായ ഗുട്ടു വാമന്‍ റാവു, ഭാര്യ നാഗമണി എന്നിവരാണ് കൊല്ലപ്പെട്ടത്. ഭരണ കക്ഷിയായ ടിആര്‍എസാണ് കൊലയ്ക്കു പിന്നിലെന്ന് കുടുംബം ആരോപിച്ചു. ഇതോടെ അഭിഭാഷക ദമ്പതികളുടെ കൊലപാതകം രാഷ്ട്രീയ വിവാദമായി.
പെഡപ്പള്ളി ജില്ലയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് തെലങ്കാനയില്‍ രാഷ്ട്രീയ കൊടുങ്കാറ്റായി മാറിയ ഇരട്ട കൊലപാതകം നടന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള കേസുകളും പൊതു താല്‍പര്യ ഹര്‍ജികളും നല്‍കി ശ്രദ്ധേയരായ ഗുട്ടു വാമന്‍ റാവു, ഭാര്യ നാഗമണി എന്നിവരാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദില്‍ നിന്നും ജന്മനാടായ മാന്താനിയിലേക്ക് പോകുന്നതിനിടെ രാമഗിരി എന്ന സ്ഥലത്തു വച്ചു മറ്റൊരു കാറിലെത്തിയ സംഘം കൊടുവാള്‍ ഉപയോഗിച്ച് ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കൊലയ്ക്കു ശേഷം അക്രമികള്‍ മറ്റൊരു കാറില്‍ കയറി രക്ഷപെടുകയും ചെയ്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയെങ്കിലും ഇതുവരെ അക്രമികളെ കണ്ടെത്താനായിട്ടില്ല. ടിആര്‍എസ് ഭരിക്കുന്ന മാന്താനി ജില്ലാ പരിഷത്ത് പ്രസിഡന്റിന് എതിരെ ദമ്പതികള്‍ തെലങ്കാന ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നു.

കൂടാതെ കസ്റ്റഡി മരണങ്ങള്‍ ചോദ്യം ചെയ്തുള്ള ഇവരുടെ പൊതു താല്‍പര്യ ഹര്‍ജികള്‍ സര്‍ക്കാരിന് കടുത്ത സമ്മര്‍ദവും ഉണ്ടാക്കിയിരുന്നു. ഇതിന്റെ പേരില്‍ വധഭീഷണി ഉണ്ടായിരുന്നുവെന്ന് ഗുട്ടുവാമന്‍ റാവുവിന്റെ പിതാവ് വെളിപ്പെടുത്തി.