അച്ഛന്റെ സുഹൃത്തിന് ആദരം; ക്യാപ്റ്റന്‍ സതീഷ് ശര്‍മയുടെ മൃതദേഹം ചുമന്ന് രാഹുല്‍ ഗാന്ധി

    ന്യൂഡല്‍ഹി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ക്യാപ്റ്റന്‍ സതീഷ് ശര്‍മയുടെ അന്തിമകര്‍മങ്ങളില്‍ സജീവപങ്കാളിയായി രാഹുല്‍ ഗാന്ധി. രാജീവ് ഗാന്ധിയുമായി അടുത്ത ആത്മബന്ധമുണ്ടായിരുന്ന സതീഷ് ശര്‍മയോടുള്ള പ്രത്യേക ആദരവ് ചടങ്ങിലുടനീളം രാഹുല്‍ ഗാന്ധി പ്രകടിപ്പിച്ചു.

    മുന്‍ കേന്ദ്രമന്ത്രി കൂടിയായ ക്യാപ്റ്റന്‍ സതീഷ് ശര്‍മയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതായും ജനങ്ങള്‍ക്കായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ട്വീറ്റ് ചെയ്തു. ശര്‍മയുടെ ശവമഞ്ചം ചുമന്ന് നീങ്ങുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങളും കോണ്‍ഗ്രസ് പാര്‍ട്ടി ട്വിറ്ററിലൂടെ പങ്കെവെച്ചിട്ടുണ്ട്..

    നെഹ്റു-ഗാന്ധി കുടുംബത്തോട് വളരെ വിശ്വസ്തത പുലര്‍ത്തിയ സതീഷ് ശര്‍മ രാഹുല്‍ ഗാന്ധിയുടെ ആദ്യകാല രാഷ്ട്രീയ ഗുരുക്കന്‍മാരില്‍ ഒരാളാണ്. ഗോവയില്‍ തന്റെ 73-മത്തെ വയസ്സിലാണ് സതീഷ് ശര്‍മ അന്തരിച്ചത്. ഫെബ്രുവരി 17 നായിരുന്നു അന്ത്യം.

    ഒരു പൈലറ്റായിരുന്ന സതീഷ് ശര്‍മ 1993 മുതല്‍ 1996 വരെ നരസിംഹറാവു മന്ത്രിസഭയില്‍ പെട്രോളിയം മന്ത്രിയായിരുന്നു. ഗാന്ധി കുടുംബത്തിന് സ്വാധീനമുള്ള റായ്ബറേലി, അമേഠി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് മൂന്ന് തവണ പാര്‍ലമെന്റ് അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.