നാടന്‍ കലകളുടെ ‘ഉത്സവം’ ഫെബ്രുവരി 20 മുതല്‍

തിരുവനന്തപുരം: കേരളത്തിലെ പരമ്പരാഗത, ഗോത്രവര്‍ഗ, അനുഷ്ഠാന കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ‘ഉത്സവം 2021’ നാടന്‍  കലാ മേളയ്ക്ക് ഫെബ്രുവരി 20 ന് തുടക്കമാകും. സംസ്ഥാനത്തൊട്ടാകെയുള്ള 30 വേദികളിലായി അരങ്ങേറുന്ന ‘ഉത്സവ’ത്തിന്‍റെ പതിമൂന്നാം പതിപ്പ് ഏഴ് ദിവസം നീണ്ടുനില്‍ക്കും.

സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന നാടോടി, ഗോത്ര, വംശീയ പാരമ്പര്യങ്ങളെ പ്രതിനിധീകരിച്ച് നൂറുകണക്കിന്  കലാകാരൻമാർ   പരിപാടി അവതരിപ്പിക്കും. ടൂറിസം വകുപ്പ് കേരള ഫോക്ലോര്‍ അക്കാദമിയും ഭാരത് ഭവനും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുകളുമായി സഹകരിച്ചാണ് ‘ഉത്സവം’ സംഘടിപ്പിക്കുന്നത്.

ഫെബ്രുവരി 20 ന് വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ബഹു. ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ ‘ഉത്സവം’ ഉദ്ഘാടനം ചെയ്യും. അഡ്വ. വി.കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡോ. ശശി തരൂര്‍ എം.പി, മേയര്‍ കുമാരി. ആര്യ രാജേന്ദ്രന്‍, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീമതി. റാണി ജോര്‍ജ് ഐ.എ.എസ്, കെ.ടി.ഡി.സി. ചെയര്‍മാന്‍ എം.വിജയകുമാര്‍, കൗണ്‍സിലര്‍ ഡോ. റീന കെ.എസ്, ടൂറിസം ഡയറക്ടര്‍ ശ്രീ. പി ബാലകിരണ്‍ ഐ.എ.എസ്, കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ശ്രീ. കൃഷ്ണ തേജ ഐ.എ.എസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഉദ്ഘാടനച്ചടങ്ങില്‍ പ്രശസ്ത ഗായകന്‍ ശ്രീ. കാവാലം ശ്രീകുമാര്‍ ആലപിച്ച ഉത്സവം സിഗ്നേച്ചര്‍ ഗാനത്തിന്‍റെ പ്രകാശനം നടക്കും. ശ്രീ. ബി.എസ്. ശ്രീരംഗത്തിന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ശ്രീ. മാത്യു ഇട്ടിയാണ്. ഉദ്ഘാടന ചടങ്ങിന് ശേഷം ഡോ.സി.ജെ കുട്ടപ്പന്‍റെ നേതൃത്വത്തില്‍ തായില്ലം ഗ്രൂപ്പിന്‍റെ നാടന്‍പാട്ട്, നാടോടിനൃത്ത അവതരണങ്ങളും നടക്കും.

ശ്രീമതി. ടി.കെ ബേബി (ഓണംകളി പാട്ട്), പ്രമോദ് ടി.എ (പാട്ടും കാളകളിയും), ശ്രീ. പദ്മനാഭന്‍ ടി.ആര്‍ (അമ്പത്തീരടി കളരി), ശ്രീ. സുദര്‍ശനകുമാര്‍ ടി. (പടയണി), ശ്രീമതി. ബിന്ദു പാഴൂര്‍ (മുടിയേറ്റ്), ശ്രീമതി. മാലതി ബാലന്‍ (ഉരളിക്കൂത്ത്), ശ്രീമതി. രാജമ്മ എ. (പൂപ്പട തുള്ളല്‍), ശ്രീ. കെ.കുഞ്ഞിക്കോരന്‍ (പൂരക്കളി), ശ്രീ. ദിനേശന്‍ തെക്കന്‍കൂറന്‍ പെരുവണ്ണാന്‍ (തെയ്യം), ശ്രീമതി. ഉമ്പിച്ചി കെ. (മംഗലംകളി) തുടങ്ങി വിവിധ നാടോടി കലാ പാരമ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന പ്രമുഖ  കലാകാരൻമാരെ ആദരിക്കും.

വിസ്മൃതിയിലാകുന്ന നാടന്‍ കലകള്‍ക്ക് വേദിയൊരുക്കുകയാണ് ഉത്സവം പരിപാടിയുടെ ലക്ഷ്യം. കോവിഡ് 19 മൂലം സാമ്പത്തികപ്രശ്നം അനുഭവിക്കുന്ന  കലാകാരൻമാര്‍ക്ക് ഇത് വലിയ പിന്തുണയുമാകും.