‘അമേരിക്കൻ കമ്പനി പ്രതിനിധികളുമായി മേഴ്‌സിക്കുട്ടിയമ്മ ചര്‍ച്ച നടത്തി’; ഫോട്ടോകള്‍ പുറത്തുവിട്ട് ചെന്നിത്തല

    തിരുവനന്തപുരം: കേരളതീരത്ത് മത്സ്യബന്ധനം നടത്താന്‍ അനുമതി നല്‍കിയതില്‍ അഴിമതി നടന്നെന്ന ആരോപണത്തില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ തെളിവുകള്‍ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സി പ്രതിനിധികൾ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങളാണ് പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്. ഇ.എം.സി.സി. ഇന്റര്‍നാഷണല്‍ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് ഷിജു വര്‍ഗ്ഗീസുമായി മേഴ്‌സിക്കുട്ടിയമ്മ  ചര്‍ച്ച നടത്തുന്ന‌ ചിത്രങ്ങളാണ് പുറത്തുവിട്ടത്.

    മന്ത്രിയുമായി സംസാരിച്ചെന്ന കാര്യം ഇ.എം.സി.സി. അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. കള്ളിവെളിച്ചത്തായപ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടി മന്ത്രി ഉരുണ്ടുകളിക്കുകയാണ്. 2018-ല്‍ ന്യൂയോര്‍ക്കില്‍ പോയിരുന്നെങ്കിലും അത് യു.എന്‍. പരിപാടിക്ക് ആയിരുന്നുവെന്നും വേറാരുമായും ചര്‍ച്ച നടത്തിയില്ലെന്നുമുള്ള മേഴ്‌സിക്കുട്ടിയമ്മയുടെ വാദം തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു.

    മേഴ്‌സിക്കുട്ടിയമ്മ ഇ.എം.സി.സിയുമായി ചര്‍ച്ച നടത്തിയിരുന്നോ എന്നതിനും വ്യവസായമന്ത്രി ജയരാജന് ഈ പദ്ധതിയെ കുറിച്ച് അറിയാമായിരുന്നു എന്നതിനും സംസാരിക്കുന്ന തെളിവുകളുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

    28-10-2020ന് ഷിജു വര്‍ഗീസ് മേഴ്‌സിക്കുട്ടിയമ്മയുമായി ഈ പ്രോജക്ട് ചര്‍ച്ച ചെയ്യുന്ന ഫോട്ടോകളാണിതെന്നും ചെന്നിത്തല പറഞ്ഞു. ഫിഷറീസ് വകുപ്പ് ജോയന്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ ചര്‍ച്ച നടത്തിയതിന്റെ ഫോട്ടോകളും ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

    മേഴ്‌സിക്കുട്ടിയമ്മയുമായി ചര്‍ച്ച നടത്തിയതിനു ശേഷം, മന്ത്രി ക്ഷണിച്ചതിനു ശേഷമാണ് തങ്ങള്‍ വന്നതെന്നും ഈ പ്രോജക്ടിന് കാബിനറ്റിന് അംഗീകാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ജയരാജന് കമ്പനി കത്ത് നല്‍കിയതെന്നും ചെന്നിത്തല പറഞ്ഞു.

    സംസ്ഥാന ഫിഷറീസ് വകുപ്പിന് ഇ.എം.സി.സി. 3.8.2019 ല്‍ സമര്‍പ്പിച്ച കോണ്‍സെപ്‌ററ് നോട്ട്, ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് 2019 ആഗസറ്റ് 2 ന് ഇ.എം.സി.സി. പ്രസിഡന്റ് നല്‍കിയ കത്ത് എന്നീ രേഖകളും പുറത്തുവിട്ടു.  ഈ രണ്ട് രേഖകളിലും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ന്യൂയോര്‍ക്കില്‍ വച്ച് ഇ.എം.സി.സി.യുമായി നടത്തിയ ചര്‍ച്ചയാണ് ഈ പദ്ധതിക്ക് ആധാരമെന്ന് പറയുന്നെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു.

    എന്തുമാത്രം ഗൗരവത്തോടെയാണ് ഈ പ്രോജക്ടുമായി സര്‍ക്കാര്‍ മുന്നോട്ടു പോയതെന്ന് ഈ പദ്ധതിയുടെ ഇതുവരെയുള്ള പുരോഗതി വ്യക്തമാക്കുന്നെന്നും ചെന്നിത്തല പറഞ്ഞു.

    (ഒന്ന്) മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടമായി 2018 ഏപ്രിലില്‍ ന്യൂയോര്‍ക്കില്‍ വച്ച് ഇ.എം.സി.സി. അധികൃതര്‍ ചര്‍ച്ച നടത്തുന്നു.

    (രണ്ട്) സംസ്ഥാന ഫിഷറീസ് നയത്തില്‍ മാറ്റം വരുത്തി 2019 ജനുവരിയില്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു.

    (മൂന്ന്)  ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലുമായി ഇ.എം.സി.സി. അധികൃതര്‍ 2019 ജൂലയില്‍  ചര്‍ച്ച നടത്തുന്നു.

    (നാല്) 2.8.2019 ന് ഡീറ്റൈയില്‍ഡ് കോണ്‍സെപ്റ്റ് ലെറ്റര്‍ ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിക്കുന്നു.

    (അഞ്ച്) 28.2.2020 ല്‍ കൊച്ചിയിലെ അസന്റില്‍ വച്ച് ഇ.എം.സി.സി.യും കേരള സര്‍ക്കാരും 5000 കോടിരൂപയുടെ പദ്ധതിക്കുള്ള എം.ഒ.യു. ഒപ്പിടുന്നു.

    (ആറ് ) 3.10.2020 ന് പദ്ധതിക്കായി പള്ളിപ്പുറത്തെ മെഗാ പാര്‍ക്കില്‍ 4 ഏക്കര്‍ സ്ഥലം ആവശ്യപ്പെട്ടുകൊണ്ട് ഇ.എം.സി.സി. സര്‍ക്കാരിന്  കത്തു നല്‍കുന്നു.

    (ഏഴ്)  3.2.2021 ന് ഇ.എം.സി.സി.ക്ക് 4 ഏക്കര്‍ സ്ഥലം അനുവദിച്ചുകൊണ്ട് കെ.എസ്.ഐ.ഡി.സി. ഉത്തരവാകുന്നു.

    (എട്ട്) 400 ആഴക്കടല്‍ ട്രോളറുകളും 5 ആഴക്കടല്‍ മത്സ്യബന്ധനക്കപ്പലുകളും 7 മത്സ്യബന്ധനതുറമുഖങ്ങളും, സംസ്‌ക്കരണ പ്ലാന്റും സംബന്ധിച്ചുള്ള എം.ഒ.യു. വില്‍ സംസ്ഥാന സര്‍ക്കാരിന്റെ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനുമായി ഇ.എം.സി.സി. 2-2-21ന് കരാര്‍ ഒപ്പിടുന്നു.

    ഇത്രയും കാര്യങ്ങള്‍ നടന്നു കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ഫിഷറീസ് മന്ത്രിയും വ്യവസായ മന്ത്രിയും പറയുന്നത് ഒരു പദ്ധതിയുമില്ല, ഞങ്ങളൊന്നും അറിഞ്ഞിട്ടുമില്ല എന്നാണെന്നും ചെന്നിത്തല പരിഹസിച്ചു. സര്‍ക്കാര്‍ അറിയാതെയാണോ ഇ.എം.സി.സി.ക്ക് നാല് ഏക്കര്‍ സ്ഥലം കൊടുത്തതെന്നും സര്‍ക്കാര്‍ അറിയാതെയാണോ മുഖ്യമന്ത്രി നേരിട്ട് കൈാര്യം ചെയ്യുന്ന കെ.എസ്.ഐ.എന്‍.സി.യുമായി 400 ട്രോളറുകള്‍ക്കും മറ്റുമുള്ള  എം.ഒ.യു. ഒപ്പിട്ടതെന്നും ചെന്നിത്തല ആരാഞ്ഞു.

    മുഖ്യമന്ത്രിയുടെ നേരിട്ട്  നിയന്ത്രണത്തിലുള്ള, മുന്‍ചീഫ് സെക്രട്ടറി ടോം ജോസ് ചെയര്‍മാനായ,  കെ.എസ്.ഐ.എന്‍.സിയുമായി ഇ.എം.സി.സി. ഇത്രയും വലിയ പദ്ധതിയില്‍ ധാരാണാപത്രം ഒപ്പിടുമ്പോള്‍ മുഖ്യമന്ത്രി അത് അറിയാതെ പോകുമോ എന്നും ചെന്നിത്തല ചോദിച്ചു. വലിയ വാര്‍ത്തയാണ് അന്ന് ഇത് സംബന്ധിച്ച് പത്രങ്ങളില്‍ വന്നത്. എന്നിട്ടും ഫിഷറീസ് മന്ത്രി അറിഞ്ഞില്ലേ? ഈ സര്‍ക്കാരിലെ മറ്റു തട്ടിപ്പുകള്‍ എന്ന പോലെ സംശയത്തിന്റെ സൂചിമുന നീണ്ടു ചെല്ലുന്നത് മുഖ്യമന്ത്രിയിലേക്കാണെന്നും അദ്ദേഹം പറഞ്ഞു.

    2018 ഏപ്രിലില്‍ ഫിഷറീസ് മന്ത്രി ന്യൂയോര്‍ക്ക് സന്ദര്‍ശിച്ചപ്പോള്‍ ഇ.എം.സിസിയുമായി ചര്‍ച്ച നടത്തിയോ?,  ഈ സന്ദര്‍ശനത്തിന്റെ പിറ്റേ വര്‍ഷം 14.1.2019 ന് പുറത്തിറക്കിയ പുതിയ ഫിഷറീസ് പോളിസിയില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള യാനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും എന്ന തരത്തിലുള്ള നയവ്യതിയാനം ഉണ്ടായത് യാദൃശ്ചികമാണോ.?, ഈ നയവ്യതിയാനം കാരണമല്ലേ ഇ.എം.സി.സിക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള പടുകൂറ്റന്‍ പദ്ധതിയുമായി സര്‍ക്കാരിനെ സമീപിക്കാന്‍ കഴിഞ്ഞത്?, കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെയും സി.പി.എമ്മിന്റെയും പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമായ ഈ നയവ്യതിയാനം എങ്ങനെയാണ് വന്നത്?, 28.2.2021 ല്‍ അസന്റില്‍ വച്ച് ഇ.എം.സി.സി.യുമായി സംസഥാന സര്‍ക്കാര്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് 5000 കോടി രൂപയുടെ ധാരാണാപത്രം ഒപ്പിട്ടുട്ടുണ്ടോ? ഉണ്ടെങ്കില്‍ ആ ധാരണാ പത്രം പുറത്തുവിടാന്‍ ധൈര്യമുണ്ടോ?, കെ.എസ്.ഐ.ഡി.സിയുടെ പള്ളിപ്പുറത്തെ മെഗാ ഫുഡ് പാര്‍ക്കില്‍ ഇ.എം.സി.സി.ക്ക് 4 ഏക്കര്‍ ഭൂമി അനുവദിച്ചത് എന്തിന് വേണ്ടി?, ഈ  മെഗാ പ്രോജക്ടിന്റെ ഭാഗമായിട്ടല്ലേ അത്? ഭൂമി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തു വിടാമോ?, 2.2.2021 ല്‍ കെ.എസ്.ഐ.എന്‍.സി.യുമായി ഇ.എം.സി.സി അനുബന്ധധാരാണപത്രം ഒപ്പിച്ചിട്ടുണ്ടോ? അതിന്റെ പകര്‍പ്പ് പുറത്തുവിടാമോ? എന്നും ചെന്നിത്തല ചോദിച്ചു.