സ്‌നേഹവും പിന്തുണയുമാണ് കൂടുതല്‍ മികച്ചതാകാനുള്ള പ്രേരണ; പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

ദൃശ്യം 2ന് ലഭിക്കുന്ന മികച്ച പ്രേക്ഷക പിന്തുണയ്ക്ക് നന്ദി അറിയിച്ച് മോഹന്‍ലാല്‍. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തന്റെ ചിത്രത്തിന് ലഭിച്ച വരവേല്‍പ്പിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു കൊണ്ടാണ് ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ പ്രതികരിച്ചത്. ആളുകളുടെ അകമഴിഞ്ഞ സ്‌നേഹത്തിന് നന്ദി അറിയിച്ച അദ്ദേഹം ഈ സ്‌നേഹവും പിന്തുണയുമാണ് കൂടുതല്‍ മികച്ചതാകാന്‍ പ്രചോദനം നല്‍കുന്നതെന്നും ഫേസ്ബുക്കില്‍ കുറിച്ചു.

‘ദൃശ്യം 2ന് ലഭിക്കുന്ന അതിശയകരമായ പ്രതികരണത്തില്‍ അതിയായ സന്തോഷം. നിങ്ങളില്‍ പലരും ഇതിനകം തന്നെ സിനിമ കണ്ട്, വിളിച്ചും സന്ദേശങ്ങളായും അഭിനന്ദനം അറിയിച്ചു എന്നത് വളരെയേറെ സ്പര്‍ശിച്ച കാര്യം തന്നെയാണ്. നല്ല സിനിമകളെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ എല്ലായ്‌പ്പോഴും അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു എന്നതിന് തെളിവാണ് ദൃശ്യം 2 ന്റെ വിജയം. സിനിമാ സ്‌നേഹിക്കുന്ന പൊതുജനങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ് നമ്മെത്തന്നെ നിരന്തരം മെച്ചപ്പെടുത്താന്‍ പ്രേരിപ്പിക്കുന്നത്. അകമഴിഞ്ഞ ഈ സ്‌നേഹത്തിന് നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആത്മാര്‍ത്ഥമായ നന്ദി. എനിക്കും ദൃശ്യം ടീമിലെ എല്ലാവര്‍ക്കും ഇത് ഒരു വലിയ കാര്യം തന്നെയാണ്’ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് സിനിമ കാണാനും ആസ്വദിക്കാനും അവസരം ഒരുക്കിയ ആമസോണ്‍ പ്രൈമിനോട് മോഹന്‍ലാല്‍ പ്രത്യേകം നന്ദി അറിയിച്ചിട്ടുണ്ട്. നേരത്തെ മറ്റൊരു വീഡിയോയിലൂടെയും താരം ജനങ്ങളോട്‌നന്ദി അറിയിച്ചിരുന്നു. ‘നിങ്ങളെപ്പോഴും എനിക്ക് നല്‍കി വരുന്ന സ്‌നേഹവും പിന്തുണയും എനിക്ക് ഏറെ വിലപ്പെട്ടതാണ്. എന്റെ ദൃശ്യം 2 സിനിമയ്ക്ക് നിങ്ങള്‍ നല്‍കിയ സപ്പോര്‍ട്ടും സ്‌നേഹവും എന്നെ ഒരുപാടു സന്തോഷിപ്പിക്കുന്നു….ജോര്‍ജ് കുട്ടിയുടെ രഹസ്യങ്ങള്‍ രഹസ്യങ്ങളായി സൂക്ഷിക്കുന്നതിന് നന്ദി’ എന്നായിരുന്നു ചിത്രം ആമസോണ്‍ പ്രൈമില്‍ തന്നെ കാണണമെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍ പറഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ