‘ബി.ജെ.പിയില്‍ ചേര്‍ന്നത് തെറ്റായിപ്പോയി;എന്നെ ആര്‍ക്കും വേണ്ട’; ഇടത് സ്ഥാനാര്‍ത്ഥിയാകാനുള്ള ആഗ്രഹവുമായി നടന്‍ കൊല്ലം തുളസി

കൊല്ലം: ബി.ജെ.പിയില്‍ ചേര്‍ന്നത് തെറ്റായിപ്പോയെന്ന് നടന്‍ കൊല്ലം തുളസി. ശബരിമല ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങള്‍ക്കിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ ബിജെപി പിന്തുണച്ചില്ലെന്നും പാര്‍ട്ടിയുമായുളള സഹകരണം അവസാനിപ്പിച്ചെന്നും കൊല്ലം തുളസി വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള ആഗ്രഹവും കൊല്ലം തുളസി പ്രകടിപ്പിച്ചു.

അടുത്തിടെ നടന്‍മാരായ രമേശ് പിഷാരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഇടവേള ബാബു എന്നിവര്‍ കോണ്‍ഗ്രസ് വേദിയിലെത്തിയിരുന്നു. ഇതിനു ിപന്നാലെയാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ ചേര്‍ന്ന കൊല്ലം തുളസി ആ തീരുമാനം തെറ്റായിപ്പോയെന്നു പ്രഖ്യാപിച്ചിരിക്കുന്നത്.

‘ശബരിമലയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തില്‍ ബിജെപി പിന്തുണച്ചില്ല. ഇപ്പോള്‍ വേണ്ടത് കേസില്‍ നിന്ന് രക്ഷപ്പെടുകയാണ്’ – കൊല്ലം തുളസി പറഞ്ഞു.

ശബരിമലയില്‍ ഒരു പ്രശ്‌നം വന്നപ്പോള്‍ എനിക്കെന്ത് സഹായം വേണമെന്ന് ചോദിച്ചില്ല. ഒരു പ്രാദേശിക നേതാവ് പോലും വിഷയത്തില്‍ ഇടപെട്ടില്ല. അതില്‍ വലിയ വിഷമമുണ്ട്. ഇത്തരമൊരു സമീപനമല്ല ബിജെപിയില്‍ നിന്നും പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു.

കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് പാര്‍ട്ടിയോട് കൂറില്ലെന്ന് വ്യക്തമായി. പൊതുരംഗത്ത് സജീവമാകാന്‍ അതിയായ താത്പര്യമുണ്ടെന്നും അദ്ദേഹം പറയുന്നു. ബിജെപിയില്‍ നിന്നും വിട്ട് സിപിഐയിലേക്ക് ചേക്കാറാനാണ് കൊല്ലം തുളസിയുടെ ആഗ്രഹം. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള താല്‍പര്യവും അദ്ദേഹം തുറന്നു പറഞ്ഞു.