ആഴക്കടല്‍ മത്സ്യബന്ധന കരാര്‍: ‘പദ്ധതി നാടപ്പാക്കുന്നില്ലെങ്കില്‍ സ്ഥലം അനുവദിച്ചതെന്തിന്?’ 2 രേഖകള്‍ കൂടി പുറത്തുവിട്ട് രമേശ് ചെന്നിത്തല

    തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട്  ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ ആരോപണത്തില്‍ ഉറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമേരിക്കന്‍ കമ്പനി ഇഎംസിസിയുമായി ബന്ധപ്പെട്ട രണ്ടു രേഖകള്‍ കൂടി ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു. ഒന്ന് കമ്പനിയുമായി ഒപ്പിട്ട ധാരണാപത്രത്തിന്റെ പകര്‍പ്പും മറ്റൊന്ന് കമ്പനിക്ക് സ്ഥലം അനുവദിച്ചതിന്റെ രേഖയുമാണ്. കമ്പനി പ്രതിനിധികളെ കണ്ടെന്ന് മന്ത്രി സമ്മതിച്ചത് താന്‍ ചിത്രം പുറത്തുവിട്ടപ്പോള്‍ മാത്രമാണ്  പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചില്ലെങ്കില്‍ സ്ഥലം അനുവദിച്ചതെന്തിനെന്നും ചെന്നിത്തല ചോദിച്ചു.

    മേഴ്‌സിക്കുട്ടിയമ്മ ഓടിച്ചുവിട്ടയാളെ മന്ത്രി ഇ.പി.ജയരാജന്‍ വിളിച്ചുകൊണ്ടു വരികയായിരുന്നോ ? സര്‍ക്കാര്‍ യഥാര്‍ഥ കാര്യങ്ങള്‍ മറച്ചുവയ്ക്കുകയാണ്. കള്ളം കയ്യോടെ പിടിച്ചപ്പോള്‍ വ്യവസായ മന്ത്രിയുടെ സമനില തെറ്റി. കെഎസ്‌ഐഎന്‍സി എംഡിക്ക് ഉത്തരവാദിത്തം ഉണ്ടെങ്കില്‍ അദ്ദേഹം അനുഭവിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

    ഇഎംസിസി എന്ന അമേരിക്കന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറിന്റെ പിന്നിലെ യഥാര്‍ഥ വസ്തുതകള്‍ മറച്ചുപിടിക്കാനുള്ള സര്‍ക്കാരിന്റെ വെപ്രാളമാണ് ഇപ്പോള്‍ കാണുന്നത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഫിഷറീസ് വകുപ്പുമന്ത്രി മേഴ്‌സിക്കുട്ടിയമ്മ, വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ എന്നിവര്‍ ഈ വിഷയത്തില്‍ പ്രതികരിക്കുകയുണ്ടായി. പരസ്പര വിരുദ്ധവും അവ്യക്തവുമായാണ് അവര്‍ പല കാര്യങ്ങളും പറഞ്ഞത്. ഞാന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാതെ എനിക്കെതിരെ തിരിച്ച് ആരോപണം ഉന്നയിക്കാനാണ് അവര്‍ ശ്രമിച്ചത്. പച്ചക്കള്ളം പറയാന്‍ പ്രതിപക്ഷനേതാവിന് യാതൊരു ഉളുപ്പുമില്ലെന്നാണ് മന്ത്രി മേഴ്‌സികുട്ടിയമ്മ പറഞ്ഞത്. ആരാണ് പച്ചക്കള്ളം പറയുന്നതെന്ന് ഇതിനകം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.- ചെന്നിത്തല പറഞ്ഞു.

    ആദ്യം ഈ വിഷയം ഉന്നയിച്ചപ്പോള്‍ ഏത് ഇഎംസിസി, എന്ത് ഇഎംസിസി, ഞാനങ്ങനെ ഒന്നിനെക്കുറിച്ച് കേട്ടിട്ടേ ഇല്ലെന്നാണല്ലോ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ആദ്യം പറഞ്ഞത്. പിന്നീട് ന്യൂയോര്‍ക്കില്‍ വച്ച് ഇവരെ കണ്ടിട്ടുണ്ടാകാം എന്ന് മന്ത്രിക്ക് സമ്മതിക്കേണ്ടിവന്നു. എന്നാല്‍ കേരളത്തില്‍വച്ച് ഇവരെ കണ്ടിട്ടേ ഇല്ലെന്നും അവരുമായി ഒരു കരാറും ഉണ്ടാക്കിയിട്ടില്ലെന്നുമാണ് പിന്നീട് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞത്. ഫോട്ടോ ഞാന്‍ ഇന്നലെ പുറത്തു വിട്ടതോടെ മന്ത്രി വീണ്ടും മലക്കം മറിഞ്ഞു. അവരെ കണ്ടു, ചര്‍ച്ച ചെയ്തു, എന്നാല്‍, ഈ പദ്ധതി നടപ്പില്ലെന്ന് അപ്പോള്‍ തന്നെ പറഞ്ഞ് അവരെ തിരിച്ചയച്ചു എന്നാണ് മന്ത്രി അപ്പോള്‍ പറഞ്ഞത്.

    അതും കള്ളമാണ്. ആ പദ്ധതി നടക്കുകയില്ലെന്ന് പറഞ്ഞ് മന്ത്രി അത് തള്ളിക്കളഞ്ഞെങ്കില്‍ എങ്ങനെ നാലേക്കര്‍ സ്ഥലം അവര്‍ക്ക് പള്ളിപ്പുറത്ത് പദ്ധതി നടപ്പാക്കാന്‍ കിട്ടി. സര്‍ക്കാരിന് കീഴിലെ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പറേഷന്‍ (കെഎസ്‌ഐഎന്‍സി) എങ്ങനെ ഇഎംസിസിയുമായി പദ്ധതിയുടെ ഭാഗമായുള്ള രണ്ടാമത്തെ എംഒയു ഒപ്പിട്ടു?

    മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നടക്കില്ലെന്ന് പറഞ്ഞ് ഓടിച്ചുവിട്ട ഇഎംസിസിയെ വ്യവസായ വകുപ്പും മുഖ്യമന്ത്രിയുടെ വകുപ്പും വിളിച്ചിരുത്തി പദ്ധതി നടപ്പാക്കിച്ചു തുടങ്ങി എന്നാണോ നമ്മള്‍ മനസ്സിലാക്കേണ്ടത്? കള്ളത്തരം മറച്ചുവയ്ക്കാന്‍ എന്തെല്ലാം അഭ്യാസങ്ങളാണ് മേഴ്‌സിക്കുട്ടിയമ്മ നടത്തുന്നത്. മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞത് രസകരമായ കാര്യമാണ്. ഇഎംസിസിക്കാരെ പറഞ്ഞുവിട്ടത് ഞാനാണ് എന്നാണ് അദ്ദേഹം പറയുന്നത്.

    അപ്പോള്‍ ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നതിന് വേണ്ടി, മുന്ന് വര്‍ഷം മുന്‍പ് തന്നെ,  അതായത് 2018 ല്‍ ന്യൂയോര്‍ക്കില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ കാണാന്‍ ഞാന്‍ ഇഎംസിസിക്കാരെ വിമാനടിക്കറ്റെടുത്ത് പറഞ്ഞ് വിട്ടു എന്നാണോ ജയരാജന്‍ പറയുന്നത്? ഒരു വര്‍ഷം മുന്‍പ് നടന്ന അസന്റില്‍ പദ്ധതി കൊടുപ്പിച്ചതും സര്‍ക്കാരിനെ കൊണ്ട് എംഒയു ഒപ്പിടുവിച്ചതും ഞാനാണ് എന്നാണോ ജയരാജന്‍ പറയുന്നത്? – ചെന്നിത്തല ചോദിച്ചു