ബിന്ദുവിന് സ്വര്‍ണക്കടത്തുമായി ബന്ധമെന്ന് പൊലീസ്, ഇടയ്ക്കിടെ നാട്ടിലെത്തിയത് സ്വര്‍ണം എത്തിക്കാനാണെന്നും സംശയം

    ആലപ്പുഴ: ഗള്‍ഫില്‍ നിന്നെത്തിയ മന്നാര്‍ കൊരട്ടിക്കാട് വിസ്മയ വിലാസത്തില്‍ ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത് സ്വര്‍ണക്കടത്തു സംഘമാണെന്ന് ഉറപ്പിച്ച് പൊലീസ്. യുവതിക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇത് ഉറപ്പിക്കുന്ന തെളിവുകളും ലഭിച്ചിട്ടിട്ടുണ്ട്.
    ഖത്തറിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ബിന്ദു ചുരുങ്ങിയ സമയത്തിനുളളില്‍ നിരവധി തവണ കേരളത്തില്‍ വന്നുപോയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പാസ്‌പോര്‍ട്ട് അടക്കമുളള രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
    കഴിഞ്ഞമാസം നാട്ടിലെത്തിയ ബിന്ദു പിന്നീട് ദുബായിലേക്കാണ് പോയത്. തുടര്‍ന്ന് ഫെബ്രുവരി 19-ന് നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. ഇതോടെയാണ് ബിന്ദുവിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടത്.

    ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ബിന്ദുവിനെ അജ്ഞാതസംഘം വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. കമ്പിവടിയും വടിവാളുമായി എത്തിയ 15 പേരടങ്ങുന്ന സംഘം ആദ്യം കോളിംഗ് ബെല്ലടിച്ചു. വാതില്‍ തുറക്കാത്തതിനാല്‍ പിന്‍വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകയറുകയായിരുന്നു. തുടര്‍ന്ന് ബിന്ദുവിനെ പിടികൂടി ബലംപ്രയോഗിച്ച് കൈകാലുകള്‍ കെട്ടി വായില്‍ തുണിതിരുകിയശേഷം തട്ടിക്കൊണ്ടുപാേവുകയായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയെന്നും വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.

    വാഹനം ഗേറ്റിനു പുറത്തു നിര്‍ത്തിയാണ് സംഘം നടന്നാണ് വീട്ടിലെത്തിയതെന്നും സംഭവത്തിന് പിന്നില്‍ കോഴിക്കോട് കൊടുവള്ളി സ്വദേശികളാണെന്നും വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു. ബിന്ദു നാട്ടിലെത്തിയെന്ന് അറിഞ്ഞതോടെ ചിലര്‍ നിരന്തരം വീടിന്റെ പരിസരത്ത് എത്തിയിരുന്നതായും വീട്ടുകാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. നിരീക്ഷിച്ചവരുടെ ചിത്രങ്ങളും ബിന്ദുവിന്റെ ഫോണും ബന്ധുക്കള്‍ പൊലീസിന് കൈമാറി. ഈ സംഘത്തെക്കുറിച്ച് അറിവ് ലഭിച്ചുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന