ഭൂരിപക്ഷം തെളിയിക്കാനായില്ല; പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലംപൊത്തി

ചെന്നൈ: ഭൂരിപക്ഷം തെളിയിക്കാനാകാതെ പുതുച്ചേരിയില്‍ വി.നാരായണസ്വാമി സര്‍ക്കാര്‍ നിലംപൊത്തി. വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് നാരായണസ്വാമിയും കോണ്‍ഗ്രസ് അംഗങ്ങളും സഭ ബഹിഷ്‌കരിച്ചു. പിന്നാട് ലഫ്.ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന് നാരായണ സ്വാമി രാജിക്കത്ത് നൽകി.

വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിന് മുന്‍പ് ഞായറാഴ്ച രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചിരുന്നു. ഇതോടെ നാരായണസ്വാമിയില്‍ അവിശ്വാസം പ്രഖ്യാപിച്ച ഭരണപക്ഷ അംഗങ്ങളുടെ എണ്ണം ആറായിരുന്നു. അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരും ഒരു ഡിഎംകെ എംഎല്‍എയുമാണ് രാജിവച്ചത്.
അതേസമയം സംസ്ഥാനത്ത് സര്‍ക്കാര്‍ ഏറ്റവും മികച്ച ഭരണമാണ് കാഴ്ച വച്ചതെന്നും എംഎല്‍എമാരെ ബിജെപി പണം കൊടുത്ത് വാങ്ങിയെന്നും നാരായണസ്വാമി ആരോപിച്ചു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിച്ചെന്നും അദ്ദേഹം പറഞ്ഞു. 12 അംഗങ്ങളുടെ പിന്തുണ മാത്രമാണ് സര്‍ക്കാരിന് ഉണ്ടായിരുന്നത്.