തിരുവനന്തപുരം: ടൂറിസം ഡയറക്ടറായി വിആര്‍ കൃഷ്ണതേജ മൈലവാര്‍പ് ഐഎഎസ് ചൊവ്വാഴ്ച ചുമതലയേല്‍ക്കും. ഡയറക്ടറായിരുന്ന ശ്രീ പി ബാല കിരണ്‍ ഐഎഎസ് ആന്ധ്രാപ്രദേശ് സെന്‍സസ് ഓപ്പറേഷന്‍സ്- സിറ്റിസണ്‍ രജിസ്ട്രേഷന്‍സ് ഡയറക്ടറായി നിയമിതനാകുന്നതിന്‍റെ പശ്ചാത്തലത്തിലാണ് കൃഷ്ണ തേജ സ്ഥാനമേല്‍ക്കുന്നത്. കേരള ടൂറിസം വികസന കോര്‍പ്പറേഷന്‍റെ (കെടിഡിസി) എംഡി സ്ഥാനത്ത് കൃഷ്ണ തേജ തുടരും.
2008 ബാച്ചിലെ ഐഎഎസുകരാനായ ശ്രീ പി ബാല കിരണ്‍ 2017 ലാണ് കേരള ടൂറിസം ഡയറക്ടറായി ചുമതലയേറ്റത്. അദ്ദേഹത്തിന്‍റെ കാലയളവില്‍ കേരള ടൂറിസത്തിന് നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ കഴിഞ്ഞു. ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഉള്‍പ്പെടെയുള്ള നൂതന ഉല്‍പ്പന്നങ്ങള്‍ ആവിഷ്കരിച്ച് കേരള ടൂറിസത്തെ രാജ്യാന്തര ബ്രാന്‍ഡായി ഏകീകരിക്കുന്നതിലും 2018-19 ലെ വെള്ളപ്പൊക്കം നേരിട്ട ടൂറിസം മേഖലയെ മഹാമാരിയില്‍ നിന്നുകരകയറ്റുന്നതിലും നിര്‍ണായക പങ്കുവഹിച്ചു.
2015 ബാച്ചിലെ ഐഎഎസ് ഓഫീസറായ കൃഷ്ണ തേജ കെടിഡിസിയുടെ നവീകരണ പദ്ധതികള്‍ക്കും വിപണനത്തിനും സേവന നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും നേതൃത്വം നല്‍കി. അദ്ദേഹം എംഡി ആയിരുന്നപ്പോഴാണ് കെടിഡിസിയുടെ തലസ്ഥാനത്തെ സുപ്രധാന മാസ്കോട്ട് ഹോട്ടലിന് ശതാബ്ദിയോടനുബന്ധിച്ച് പഞ്ചനക്ഷത്ര പദവി ലഭിച്ചത്.











































