ഡയറി അച്ചടിയിലും സി.പി.എം-സി.പി.ഐ തര്‍ക്കം; സി.പി.എമ്മിനും എന്‍.സി.പിയ്ക്കും പിന്നില്‍ സി.പി.ഐ മന്ത്രിമാര്‍

2017-ലെ സര്‍ക്കാര്‍ ഡയയറിയില്‍ മന്ത്രിമാരുടെ പേരുകള്‍ അച്ചടിക്കുന്നതിനെ ചൊല്ലി ഇടതുമുന്നണിയില്‍ തര്‍ക്കം. മുന്‍വര്‍ഷങ്ങളില്‍ അക്ഷരമാല ക്രമത്തിലാണ് മന്ത്രിമാരുടെ പേരുകള്‍ അച്ചടിച്ചിരിക്കുന്നത്.

എന്നാല്‍ ഈ വര്‍ഷം അത് ആദ്യം സി.പി.എമ്മിന്റെ 10 മന്ത്രിമാരുടെ പേരുകളും ശേഷം എന്‍.സി.പി മന്ത്രി എ.കെ. ശശീന്ദ്രന്റെ പേരും അതിനു പിന്നാലെയാണ് സി.പി.ഐയുടെ മന്ത്രിമാരുടെ പേരുകള്‍ അച്ചടിച്ചിരിക്കുന്നത്. ഇതാണ് തര്‍ക്കത്തിന് കാരണം. ഇതോടെ സര്‍ക്കാര്‍ ഡയറിയുടെ അച്ചടി നിര്‍ത്തിവെയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഉത്തരവിട്ടു.

40,000-ഓളം അച്ചടിച്ച ഡയറികള്‍ വിതരണം ചെയ്യേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് ചേരുന്ന സി.പി.ഐ നേതൃയോഗങ്ങളില്‍ ഈ വിഷയം ചര്‍ച്ചയായിരുന്നു. ഒപ്പം ഇടതുസര്‍ക്കാരിനെതിരെയും സി.പി.എം മന്ത്രിമാര്‍ക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും രൂക്ഷമായ വിമര്‍ശനം ഉണ്ടായിരുന്നു. മുണ്ടുടുത്ത മോദിയാണ് പിണറായി എന്ന് രൂക്ഷമായ വിമര്‍ശനം പോലും യോഗത്തിലുണ്ടായി. സി.പി.ഐ മന്ത്രിമാര്‍ മണ്ടന്മാരാണെന്ന തരത്തിലുള്ള എം.എം. മണിയുടെയും എ.കെ. ബാലന്റെയും പൊതുവേദിയിലുള്ള വിമര്‍ശനവും സി.പി.ഐയെ ചൊടിപ്പിച്ചിട്ടുണ്ട്. ഇന്നത്തെ എല്‍.ഡി.എഫ് നേതൃയോഗത്തില്‍ ചര്‍ച്ച ചെയ്യാനാണ് സി.പി.ഐ നീക്കം.