ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിന് പിന്നില്‍ ഗൂഢാലോചന,? എന്തും ചെയ്യാന്‍ മടിക്കാത്തവരുടെ നെറികേടുകള്‍ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന വിവാദം ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷം ശ്രമം നടത്തുന്നുവെന്നും ഇതിനായി ഗൂഢാലോചന നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡി.വൈ.എഫ്.ഐയുടെ യുവമഹാസംഗമം ശംഖുംമുഖത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    എന്തും ചെയ്യാന്‍ മടിയില്ലാത്ത ചില ദുഷ്ടാത്മാക്കള്‍ നമ്മുടെ നാട്ടിലുണ്ട്. ഈ നെറികേടൊന്നും നമ്മുടെ നാട്ടില്‍ ചെലവാകില്ല എന്ന് മനസിലാക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ചിലര്‍ക്ക് വലിയ തിരിച്ചടി നേരിട്ടു. അതിനെ മറികടക്കാന്‍ മത്സ്യത്തൊഴിലാളികളില്‍ വികാരം ഇളക്കിവിടാനാകുമോ എന്ന ആലോചനയുടെ ഫലമായാണ് വിവാദം.. ഇത്തരമൊരു എം.ഒ.യു ഒപ്പിടുമ്പോള്‍ സാധാരണ നിലയില്‍ ആ വകുപ്പിന്റെ സെക്രട്ടറി അറിയണം. ധാരണാപത്രം ഒപ്പിടുന്ന കാര്യംഅദ്ദേഹം അറിഞ്ഞിട്ടേയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു

    എന്തായിരുന്നു ഒപ്പിടാന്‍ ഇത്ര ധൃതി. എവിടെയോ ഉള്ള ഒരു ആലോചനയുടെ ഫലമായാണ് ഇത് സംഭവിച്ചത്. ബന്ധപ്പെട്ട സെക്രട്ടറിക്കോ സര്‍ക്കാരിനോ മന്ത്രിക്കോ അറിയാത്ത വിവരം എങ്ങനെ പ്രതിപക്ഷ നേതാവിന് ലഭിച്ചു. കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുമ്പോഴാണ് വിദേശ മത്സ്യബന്ധന കപ്പലുകള്‍ക്ക് വരാനുള്ള അനുമതി നല്‍കിയത്. അതാണ് കോണ്‍ഗ്രസിന്റെ നയം. അന്ന് അതിനെ എതിര്‍ക്കുകയാണ് എല്‍.ഡി.എഫ് ചെയ്തത്.

    ഇത്തരമൊരു ആരോപണം പുറത്തുവന്ന ഉടനേ സര്‍ക്കാരിന്റെ നയത്തിനെതിരായി ഉണ്ടാക്കിയ രണ്ടു കരാറുകളും റദ്ദ് ചെയ്തു. വഴിവിട്ട നീക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പിടലിക്ക് വെച്ചുകെട്ടാമെന്ന് കരുതേണ്ട. അത് ചിലവാകില്ല. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സംശുദ്ധി കൃത്യമായി ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള നീക്കങ്ങള്‍ ഉണ്ടായേക്കാം. അത് എന്താണെന്നൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

    നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ