രാജ്യത്തെ പുതിയ കോവിഡ് കേസുകളില്‍ 86.37 ശതമാനവും കേരളം അടക്കം ആറ് സംസ്ഥാനങ്ങളില്‍

ന്യൂഡല്‍ഹി: രാജ്യത്തെ ആറ് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തിയതായി കേന്ദ്ര സര്‍ക്കാര്‍. മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കര്‍ണാടക, തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ വര്‍ധിച്ചത്. രാജ്യത്ത് പുതുതായി രോഗബാധ സ്ഥിരീകരിച്ചവരില്‍ 86.37 ശതമാനവും ഈ സംസ്ഥാനങ്ങളിലാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെ കാരണം കണ്ടെത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും വിവിധ സംസ്ഥാനങ്ങളിലേക്ക് കഴിഞ്ഞ ബുധനാഴ്ചതന്നെ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സംഘത്തെ അയച്ചിരുന്നു. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഢ്, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലേക്കാണ് ഉന്നതതല സംഘത്തെ അയച്ചിട്ടുള്ളത്. പരിശോധനകള്‍ കൂട്ടാനും അതിതീവ്ര വ്യാപനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും ഈ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.