ക്രിമിനല്‍ കേസുള്ളവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ 30 ദിവസത്തിനകം വിശദീകരിക്കണമെന്ന് കമ്മിഷന്‍

    തിരുവനന്തപുരം: ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്ഥാനാര്‍ഥികളാക്കിയതിന്റെ സാഹചര്യം വോട്ടെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനകം വിശദീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ക്രിമിനല്‍ സ്വഭാവമുള്ളവര്‍ നിയമനിര്‍മാണ സഭകളിലെത്താതിരിക്കാനുള്ള കമ്മിഷന്റെ പ്രധാന ചുവടുവെപ്പാണിത്. ഇക്കാര്യത്തില്‍ ശുദ്ധീകരണത്തിനു തുടക്കമിടുകയാണ് കമ്മിഷന്‍.

    എന്തുകൊണ്ട് കേസില്‍പ്പെടാത്ത മികച്ചവരെ കണ്ടെത്തി മത്സരിപ്പിക്കാനായില്ലെന്നു വ്യക്തമാക്കേണ്ടിവരുന്നത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു നാണക്കേടുണ്ടാക്കും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെ ഏതു ക്രിമിനല്‍ക്കേസില്‍പ്പെട്ടവരായാലും പാര്‍ട്ടികള്‍ വിശദീകരിക്കേണ്ടിവരും. വീഴ്ചവരുത്തിയാല്‍ സുപ്രീംകോടതിയെ അറിയിക്കും. പുതിയ വ്യവസ്ഥപ്രകാരം ദേശീയ പാര്‍ട്ടികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന പാര്‍ട്ടികള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കുമാണ് ക്രിമിനല്‍ കേസുകളുടെ വിവരം നല്‍കേണ്ടത്.

    സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കുമ്പോള്‍ ക്രിമിനല്‍ കേസ് വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തണമെന്നു നിലവില്‍ വ്യവസ്ഥയുണ്ട്. ഇത് മൂന്നുതവണ അച്ചടി, ദൃശ്യമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തണം. ഇതിനുപുറമേയാണ് പുതിയ വ്യവസ്ഥ ബാധകമാക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യം നേതാക്കളെ അറിയിച്ചു. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് വ്യവസ്ഥകള്‍ നടപ്പാക്കുന്നത്.

    പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ കേരള പോലീസിനെ ഒഴിവാക്കി പൂര്‍ണചുമതല കേന്ദ്രസേനയ്ക്കു കൈമാറാനുള്ള തീരുമാനവും തിരഞ്ഞെടുപ്പ് കമ്മിഷനെടുത്തിട്ടുണ്ട്. ബൂത്തുകളിലെ കേന്ദ്രസേനയുടെ സാന്നിധ്യം ഭാവിയില്‍ വിവാദങ്ങള്‍ക്കു വഴിവെച്ചേക്കും. പ്രശ്‌നബാധിത ബൂത്തുകളിലെല്ലാം കേന്ദ്രസേനയെ നിയോഗിക്കണമെന്ന് ബി.ജെ.പി. കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു.