അശ്ളീല ഉള‌ളടക്കം; ഒ ടി ടി പ്ളാ‌റ്റ്‌ഫോമുകളിലെ പരിപാടികൾ പരിശോധിക്കാൻ സമിതി വേണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഒടിടി പ്ളാ‌റ്റ്‌ഫോമുകളിൽ പ്രസിദ്ധീകരിക്കുന്ന പല പരിപാടികളിലും ലൈംഗികപരമായ ഉള‌ളടക്കമുണ്ടെന്ന് സുപ്രീംകോടതിയുടെ പരാമർശം. ആമസോൺ പ്രൈമിലെ വെബ്‌സീരീസായ ‘താണ്ഡവ്’മായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോഴാണ് ജസ്‌റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ച് ഇങ്ങനെ പരാമർശിച്ചത്. ഇത്തരം ഉള‌ളടക്കങ്ങൾ പരിശോധിക്കാൻ ഒരു സ്‌ക്രീനിംഗ് സമിതി ആവശ്യമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

പലതിലും ലൈംഗികപരമായ ഉള‌ളടക്കമുണ്ടെന്നും അഭിപ്രായപ്പെട്ട സുപ്രീംകോടതി ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന് അഭിപ്രായം തേടി നോട്ടീസ് നൽകി. ‘താണ്ഡവ്’ വെബ് സീരീസുമായി ബന്ധപ്പെട്ട് ആമസോൺ പ്രൈം വീഡിയോ ഹെഡ് അപർണ പുരോഹിതിന് അലഹാബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെതിരെ അപർണ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി ഇങ്ങനെ പരാമർശിച്ചത്.

കേന്ദ്രസർക്കാർ പുറത്തിറക്കിയ ഐടി റൂൾസ്-2021ന് വ്യാപക പ്രചാരണം നൽകണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. അപർണ പുരോഹിതിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്‌തഗി കേസിൽ ഹാജരായി.