പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സ്ഥിരപ്പെടുത്തല്‍ ഉത്തരവ് പുറപ്പെടുവിച്ച സ്ഥാപനങ്ങള്‍ ഇന്നത്തെ തല്‍സ്ഥിതി തുടരണമെന്ന് പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവിട്ടു.
കില, വനിതാ കമ്മീഷന്‍, കെല്‍ട്രോണ്‍, കെ ബിപ്, എഫ്. ഐ.ടി. തുടങ്ങിയ പത്തോളം സ്ഥാപനങ്ങളിലെ നിയമന നടപടികളിലാണ് ഹൈക്കോടതി ഇടപെടല്‍. ഹര്‍ജിയില്‍ ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാരും ബന്ധപ്പെട്ട സ്ഥാപനങ്ങളും മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സിന്റേതടക്കം ആറ് ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നേരത്തെ 10 വര്‍ഷം പൂര്‍ത്തീകരികരിച്ച താത്ക്കാലികക്കാരെ വിവിധ സ്ഥാപനങ്ങളില്‍ സ്ഥിരപ്പെടുത്താന്‍ ഉത്തരവിറക്കിയിരുന്നു. ആ ഉത്തരവ് അടിസ്ഥാനമാക്കിയുള്ള പൂര്‍ത്തീകരിക്കാത്ത തുടര്‍ നടപടികളാണ് ഹൈക്കോടതി മരവിപ്പിച്ചത്. 12ാം തീയതി കോടതി ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും. അതുവരെ തുടര്‍നടപടികള്‍ പാടില്ലെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
 
            


























 
				
















