ഇഎംസിസി ഡയറക്ടര്‍ ഷിജു വർഗീസ് കോടികള്‍ തട്ടിയെടുത്തു’; പരാതിയുമായി അമേരിക്കന്‍ മലയാളികള്‍

കൊച്ചി: വിവാദത്തിനിടയാക്കിയ ആഴക്കടൽ മൽസ്യ ബന്ധന കരാ‍റിൽ ഏർപ്പെട്ട അമേരിക്കൻ കമ്പനിയായ  ഇഎംസിസിയുടെ ഡയറക്ടർ ഷിജു വർഗീസിനെതിരെ പരാതിയുമായി അമേരിക്കൻ മലയാളികൾ. പെരുമ്പാവൂർ സ്വദേശിയായ ഷിജു വർഗീസിനെതിരെ സാമ്പത്തിക തട്ടിപ്പു കേസിൽ ഇയാൾക്കെതിരെ അമേരിക്കയിൽ വിധിയുണ്ടായിട്ടുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഷിജു വർഗീസിന്റെ തട്ടിപ്പിന് ഇരയായ നിരവധി മലയാളികളാണ് അമേരിക്കയിലുള്ളത്. തട്ടിപ്പിനിരയായ പലർക്കും കോടികളാണ് നഷ്ടമായത്. തട്ടിപ്പിന് ഇരയായ അമേരിക്കൻ മലയാളികളെ ഉദ്ധരിച്ച് ‘മലയാള മനോരമ’ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ന്യൂയോർക്കിലെ സഭാഹാളിന്റെ പുനർ നിർമാണക്കരാർ ഏറ്റെടുത്ത് കോടികളുമായി ഷിജു വർഗീസ് മുങ്ങിയെന്നാണ് 47 വർഷമായി അമേരിക്കയിലുള്ള ചെങ്ങന്നൂർ, ബുധനൂർ സ്വദേശി റവ. വിൽസൺ ജോസ് പറയുന്നത്. റിട്ടയർമെന്റ് ജീവിതത്തിനു വേണ്ടി കരുതിവച്ചിരുന്ന ഒരുകോടിയിൽ അധികം ഇന്ത്യൻ രൂപ, തന്നെയും ഭാര്യയെയും പറ്റിച്ച് ഷിജു തട്ടിയെടുത്തെന്ന് ആലപ്പുഴ കറ്റാനം സ്വദേശി ജോൺ ജോർജ് പറയുന്നു.

പള്ളി നിർമാണത്തിന്റെ പേരിൽ മൂന്നു ലക്ഷം ഡോളർ നഷ്ടപ്പെട്ടെന്നാണ്  ന്യൂയോർക്ക് ക്രിസ്ത്യൻ ചർച്ച് പാസ്റ്റർ റവ. വിൽസൺ ജോസ് പറയുന്നത്. ന്യൂയോർക്കിലെ മലയാളികളുടെ ഒരു കത്തോലിക്ക പള്ളിയുടെ നിർമാണക്കരാർ ചെയ്തുകൊണ്ടിരിക്കുന്ന ആൾ എന്ന നിലയിലാണ് 2018ൽ ഇഎംസിസി ഡുറൽ ഇന്റർനാഷണൽ എന്ന കമ്പനിയുടെ ഉടമയായ ഷിജു വർഗീസിനെ പരിചയപ്പെടുന്നത്. എഡ്വേർഡ് ഡുറൽ എന്ന വെള്ളക്കാരനാണ് കമ്പനിയുടെ പ്രസിഡന്റ്. അദ്ദേഹം വലിയ കെട്ടിടങ്ങളൊക്കെ പണിതുയർത്തിയത് അറിയാമായിരുന്നു. ഇദ്ദേഹത്തെ കൊണ്ടുവന്നു പരിചയപ്പെടുത്തിയ ആളെ വിശ്വസിച്ചതും പള്ളിയുടെ പണിയിൽ ഒരു മലയാളി കളവു കാണിക്കില്ലെന്ന വിശ്വാസവുമാണ് ഗ്രേസ് ക്രിസ്റ്റ്യൻ ചർച്ചിന്റെ മൂന്നു ലക്ഷം ഡോളർ നഷ്ടപ്പെടുന്നതിലേക്കെത്തിച്ചത്.

മിനിയോളയിലുള്ള ചാപ്പലിന്റെ പുനർ നിർമാണ പണികളുടെ കരാറിൽ ഒപ്പിടുന്നത് ഷിജു വർഗീസും എഡ്വേർഡ് ഡുറലുമാണ്. പക്ഷേ, ഇവർ പണി മറ്റൊരു കമ്പനിക്ക് ഉപകരാർ കൊടുത്താണ് നിർമാണം നടത്തുന്നത് അറിഞ്ഞത് പിന്നീടാണ്. ഈ സമയം ചർച്ചിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി ഒരു ലോൺ എടുക്കുന്ന ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. ഇതറിഞ്ഞ് നിർമാണം നടക്കുന്ന ചർച്ചിന്റെ പ്രോപ്പർട്ടി വച്ച് ഇരു കമ്പനികളും കൂടി ലോൺ എടുക്കാമെന്നായി. പണി തീരുന്ന മുറയ്ക്ക് അടച്ചു തീർത്തുകൊള്ളാം, സഭ പണം നൽകേണ്ടതില്ലെന്നായിരുന്നു അറിയിച്ചത്. പണി ചെറിയ നിലയിൽ പുരോഗമിക്കുന്നുണ്ടായിരുന്നു, ലോൺ അവർ അടയ്ക്കുന്നുണ്ടെന്നും അറിയിച്ചു. പക്ഷേ, വളരെ വൈകിയാണ് 20,04,090 ഡോളർ(ഏകദേശം ഒരുകോടി 40 ലക്ഷം രൂപ) ഷിജു വർഗീസിന്റെ കമ്പനി വാങ്ങിയെടുത്തെന്നും ആ തുക അടച്ചിട്ടില്ലെന്നും അറിയുന്നത്. നിർമാണം നടത്തുന്ന കമ്പനിക്കും ഈ പണം നൽകിയില്ല.

ഇതിനിടെ ചർച്ചിന്റെ പാർക്കിങ്ങിൽ 10 ഡ്രൈവെൽ(മഴക്കിണർ) നിർമിക്കണമെന്ന് അധികൃതർ അറിയിക്കുന്നത്. ഇതിന്റെ കരാറും ഇഎംസിസിക്കു തന്നെ നൽകി. നിർമാണത്തിന് 59,000 ഡോളർ പറഞ്ഞ് കരാർ ഒപ്പിട്ടെങ്കിലും ഇത്രയും തുക നിർമാണം നടത്തുന്ന കമ്പനിക്കു കൊടുക്കണം, 5000 ഡോളർ അധികം വേണം എന്നാവശ്യപ്പെട്ടു. അത് അംഗീകരിച്ച് 64,000 ഡോളറിന്റെ(ഏകദേശം 45ലക്ഷം രൂപ) ചെക്ക് നൽകുന്നത്. ഈ തുക ഇഎംസിസി പാസാക്കിയെടുത്തു. ഉപകരാർ പ്രകാരം പണി ചെയ്തുവന്ന കമ്പനിക്ക് 59,000 ഡോളറിന്റെ ചെക്കു നൽകി. പക്ഷേ, ഷിജു വർഗീസ് അക്കൗണ്ടിൽ നിന്നു പണം മാറ്റിയതിനാൽ ചെക്കു മടങ്ങി. അതോടെ പണിമുടങ്ങി. ഇതോടെ ഉപകരാറെടുത്ത കമ്പനി പ്രശ്നമുണ്ടാക്കി. ചർച്ചിന്റെ പ്രോപ്പർട്ടി ഈടുവച്ചു. ഇതോടെ ഈട് അവസാനിപ്പിക്കാൻ കമ്പനിക്ക് പണം അടയ്ക്കേണ്ടി വന്നു.

ഇതിനിടയിലാണ് ലോൺ എടുത്ത രണ്ടു ലക്ഷത്തിലേറെ ഡോളർ ഇഎംസിസി തിരിച്ചടച്ചിട്ടില്ലെന്നറിയുന്നത്. നിയമ നടപടികൾ‍ ആരംഭിച്ചതോടെ അദ്ദേഹം സ്ഥലംവിട്ടു. 2019ൽ വെള്ളക്കാരൻ മരിച്ചതായും ഷിജു പ്രസിഡന്റായെന്നുമാണ് അറിഞ്ഞത്. സംഭവത്തിൽ കേസ് കോടതിയിൽ പുരോഗമിക്കുകയാണ്. അഭിഭാഷകന്റെ ഫീസ് ഉൾപ്പടെ വലിയൊരു തുക ഇതിനകം ചെലവഴിച്ചു കഴിഞ്ഞു. ഏകദേശം മൂന്നു ലക്ഷം ഡോളർ ഇഎംസിസിയുമായുള്ള കരാറിലൂടെ ഇതിനകം നഷ്ടമായി. മറ്റൊരു ബാങ്കിൽനിന്ന് വലിയ തുക ലോണെടുത്ത് ഇപ്പോൾ ചർച്ച് നിർമാണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. കേസ് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ്’ – റവ. വിൽസൺ ജോസ് പറയുന്നു.

ഭാര്യ ഇറക്കിവിട്ടെന്നു പറഞ്ഞു പറ്റിച്ചു; നഷ്ടമായത് കോടികൾ – ജോൺ ജോർജ്

ജോലിയിൽനിന്നു വിരമിച്ചപ്പോൾ ലഭിച്ച പണവും നാട്ടിലെ ഭൂമി വിറ്റു ലഭിച്ച പണവും ഉൾപ്പെടെ രണ്ടു ലക്ഷം ഡോളർ (ഒന്നേ കാൽകോടി ഇന്ത്യൻ രൂപ) ഷിജു വർഗീസ് പലപ്പോഴായി തട്ടിയെടുത്തെന്നാണ് ജോൺ ജോർജിന്റെ പരാതി. കേസിൽ അനുകൂല വിധിയുണ്ടായിട്ടും അതു നടപ്പാക്കാൻ പൊലീസിനോ അറ്റോർണിക്കോ ഇതുവരെ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. 2014ൽ ഭാര്യ ഒരു പ്രാർഥനയിൽ പങ്കെടുക്കുമ്പോഴാണ് ആദ്യമായി ഷിജു വർഗീസിനെ പരിചയപ്പെടുന്നത്. അവിടെ എഴുന്നേറ്റുനിന്ന് അയാളെ ഭാര്യ വീട്ടിൽനിന്ന് ഇറക്കി വിട്ടു, മർദിച്ചു, തുപ്പി, ലാപ്ടോപ് എറിഞ്ഞു പൊട്ടിച്ചു, ജീവിക്കാൻ വഴിയില്ല എന്നെല്ലാം പറഞ്ഞു കര‍ഞ്ഞപ്പോൾ ഭാര്യ ഇതെല്ലാം വിശ്വസിച്ച് കുറച്ചു പണം നൽകി ഭക്ഷണം കഴിക്കാൻ പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും മറ്റൊരു പ്രാർഥനയ്ക്കെത്തി, സർക്കാരിന്റെ വലിയൊരു പ്രോജക്ട് കിട്ടിയെന്നു പറഞ്ഞു. വാഹനം വേണമെന്നു പറഞ്ഞു. തന്റെ വീട്ടിലുണ്ടായിരുന്ന ഒരു വാഹനം തൽക്കാലത്തേക്കു കൊടുത്തു. പിന്നീട് ഇത് തിരികെ തന്നപ്പോൾ അപകടമുണ്ടാക്കി വലിയൊരു ചെലവു വരുത്തി വച്ചിരുന്നു.

വീണ്ടുമൊരിക്കൽ ഭാര്യ ഇറക്കിവിട്ടെന്നും താമസിക്കാൻ സ്ഥലമില്ലെന്നും പറഞ്ഞ് എത്തിയപ്പോൾ മൂന്നു മാസത്തിലേറെ ഭക്ഷണവും താമസവുമെല്ലാം നൽകി വീട്ടിൽ കൂടെ നിർത്തി. ഭാര്യ വസ്ത്രം തീയിട്ടു കളഞ്ഞു എന്നു പറഞ്ഞപ്പോൾ സ്യൂട്ടുൾപ്പടെയുള്ള വസ്ത്രം വാങ്ങിക്കൊടുത്തു. ഈ കാലയളവിലാണ് പല ആവശ്യങ്ങൾ പറഞ്ഞ് തന്നിൽനിന്നും ഭാര്യയിൽനിന്നും പണം വാങ്ങിയെടുത്തത്. കോൺട്രാക്ട് ലഭിച്ചതിൽ പണി ചെയ്യിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഭാര്യയാണ് 23,800 ഡോളർ കൊടുത്തത്. വർക്ക് തുടങ്ങിയെന്നും പുതിയത് തുടങ്ങുമെന്നും പറഞ്ഞ് മൂന്നു പ്രാവശ്യമായി 14,50,000 ഡോളർ വാങ്ങിയെടുത്തു. ഈ സമയത്തെല്ലാം ചെക്ക് ഒപ്പിട്ടു വാങ്ങിയിരുന്നത് കേസ് നടത്തിയപ്പോൾ ഉപകാരപ്പെട്ടു. ലാപ്ടോപ്പില്ല എന്നു പറഞ്ഞതിന് ലാപ്ടോപ് കടം വാങ്ങി. പിന്നീട് അത് നഷ്ടമായെന്നു പറഞ്ഞു. അതു വിശ്വസിച്ചു. ഇതിനിടെ ഒരു ദിവസം വീട്ടിൽ വരുമ്പോൾ ഡെസ്ക്ടോപ്പിൽ ബാങ്ക് അക്കൗണ്ട് പരിശോധിക്കുന്നതു കണ്ടു. ഇതോടെ കമ്പ്യൂട്ടർ നമ്പരിട്ടു ലോക്കു ചെയ്തു. വീട്ടിൽ നിന്ന് ടൈ മോഷ്ടിച്ചത് ചോദിച്ചതിനാണ് അവസാനമായി ഇറങ്ങിപ്പോകുന്നത്. പിന്നീട് തിരികെ വന്നില്ല.

ന്യൂയോർക്കിലെത്തിയെന്നറി‍ഞ്ഞ് അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. നാട്ടിൽ വന്നപ്പോൾ ഇവരുടെ അങ്കമാലിയിലെ സഹോദരിയുടെ വീട്ടിൽ പോയെങ്കിലും വാതിൽ തുറന്നില്ല. ഇതിനിടെ ഒരു തവണ ഒരു കടയിൽ വച്ചു കണ്ടപ്പോൾ തടിയൊക്കെ വച്ചിരുന്നു. അത് ഞാനല്ല, സാമെന്നാണ് പേരെന്നു പറഞ്ഞ് കുതറി മാറിക്കളഞ്ഞു. വീട്ടിൽനിന്നു നേരെ കണക്ടിക്കട്ടിലേയ്ക്കാണ് പോയതെന്ന് പിന്നീട് അറിഞ്ഞു. അവിടെ കുറച്ചു കറുത്ത വർഗക്കാരെയും സ്പാനിഷുകാരെയും ഒരാഴ്ച ജോലി ചെയ്യിച്ച് പണം കൊടുത്തില്ല. ചോദിച്ചപ്പോൾ തന്റെ അഡ്രസ് കൊടുത്ത് അവർക്കു വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്നു പറ‍ഞ്ഞു. കുറെ ദിവസം ഇവർ വീട്ടിൽ വന്നു ശല്യപ്പെടുത്തി. ആളെ അറിയാം, ആദ്യം അവനെ വിളിച്ചു കൊണ്ടുവരാൻ പറഞ്ഞു. അവർ അന്വേഷിച്ചു ചെന്നപ്പോഴേയ്ക്ക് അയാൾ സ്ഥലം വിട്ടിരുന്നു. ഒരിക്കൽ മദ്യപിച്ചg വാഹനം ഓടിച്ചതിന് മൂന്നുമാസം ജയിലിൽ കിടന്നു. ആ സമയത്ത് വിളിച്ച് സഹായിക്കണം എന്നാവശ്യപ്പെട്ടു. ചെയ്യില്ലെന്നു പറഞ്ഞതോടെ മറ്റൊരാളുടെ വീട്ടിൽ താമസിച്ചു. സ്ഥിരമായി ഒരിടത്തും തങ്ങുന്ന സ്വഭാവമില്ലാത്തിനാൽ കേസിൽ വിധി വന്നിട്ടും അതു നടപ്പിലാക്കാൻ പൊലീസിനു സാധിച്ചിട്ടില്ലെന്നും ജോൺ പറയുന്നു.

സഹായി മലയാളി വക്കീൽ

യുഎസിൽ പല മലയാളികളിൽനിന്നു മാത്രമായി 30 ലക്ഷം ഡോളർ കടത്തിയിട്ടുണ്ടെന്നാണ് അവിടെയുള്ള മലയാളി സമൂഹം പറയുന്നത്. ഇദ്ദേഹത്തിനെ കേസുകളിലും ഒളിവിൽ കഴിയുന്നതിനും സഹായിക്കുന്നത് ഇവിടെയുള്ള ഒരു മലയാളി അഭിഭാഷകനാണെന്നാണു വിവരം. പലരും പണം നഷ്ടപ്പെട്ടിട്ടും നാണക്കേടോർത്ത് പരാതിപ്പെടുകയോ മുന്നോട്ടു വരികയോ ചെയ്യാറില്ലെന്ന് അവിടെയുള്ള ഒരു പ്രമുഖ മലയാളി സംഘടനാ നേതാവ് മനോരമ ഓൺലൈനോടു പറഞ്ഞു. കാൻസർ ബാധിതയായ ഒരു നഴ്സിൽനിന്ന് 2,40,000 ഡോളർ തട്ടിയെടുത്തതിനെ തുടർന്ന് മാനസിക വിഷമത്തിലായ അവരുടെ ഭർത്താവ് ഹൃദയാഘാതം വന്നു മരിച്ച സംഭവമുണ്ട്. 2019ലാണ് ഇത്. ഒരു മഴയുള്ള ദിവസം വീടിന്റെ വേലിയ്ക്കടുത്ത് മരിച്ച നിലയിൽ അദ്ദേഹത്തെ കാണുകയായിരുന്നു.

പത്തനംതിട്ട നിരണം സ്വദേശി ചെറിയാൻ ഏബ്രഹാമിന്റെ വീടിന്റെ പണിക്കായി ഒന്നര ലക്ഷം ഡോളർ അഡ്വാൻസായി വാങ്ങി കെട്ടിടം പൊളിച്ചിട്ട് ഇയാൾ സ്ഥലം വിടുകയായിരുന്നത്രെ. ന്യൂയോർക്കിലെ സെന്റ്മേരീസ് പള്ളിയുടെ ജിംനേഷ്യം ഉൾപ്പടെയുള്ളയുടെ നിർമാണത്തിന് മൂന്നു ലക്ഷം രൂപയിലേറെ വാങ്ങിയാണ് സ്ഥലം വിട്ടത്. പിന്നീട് വേറെ കരാറുകാരനെ കണ്ടുപിടിച്ച് പണം മുടക്കിയാണ് നിർമാണം പൂർത്തിയാക്കിയത്. ഒരു സ്ഥിരം അഡ്രസ് പോലുമില്ലാത്ത ഇഎംസിസി വിർച്വൽ അഡ്രസിൽ കമ്പനികൾ റജിസ്റ്റർ ചെയ്താണ് തട്ടിപ്പു നടത്തുന്നതെന്നും ഇവർ പറയുന്നു.