കിഫ്ബിക്കെതിരായ ഇ.ഡി അന്വേഷണത്തിൽ ഇടപെടാനാകില്ല’; മുഖ്യമന്ത്രിയുടെ കത്ത് തളളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ

    ന്യൂഡൽഹി: കിഫ്ബിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്ത് തളളി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷൻ സുനിൽ അറോറ. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ രാഷ്ട്രീയ താത്പര്യപ്രകാരമാണ് ഇ ഡി കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നതെന്ന ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് മുഖ്യമന്ത്രി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് കത്തയച്ചത്. എന്നാൽ കേന്ദ്ര അന്വേഷണത്തിൽ ഇടപെടാനാകില്ലെന്ന് സുനിൽ അറോറ വ്യക്തമാക്കി.

    കേരളത്തിലെ അന്വേഷണം മാർച്ച് മുതൽ നടക്കുന്നതാണ്. തിരഞ്ഞെടുപ്പ് നടക്കുന്നുവെന്ന് കരുതി അന്വേഷണം നടക്കുന്ന കേസുകളിൽ ഇടപെടാനാകില്ലെന്നും സുനിൽ അറോറ വ്യക്തമാക്കി. അന്വേഷണ ഏജൻസികൾ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതിനെതിരെ കമ്മിഷൻ ഇടപെടണമെന്നാണ് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടത്. ബി ജെ പിയുടെ വിജയ യാത്രയിൽ പങ്കെടുത്ത് ഫെബ്രുവരി 28ന് നിർമ്മല സീതാരാമൻ നടത്തിയ പ്രസ്‌താവന അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.