നേതാക്കളെ ഒഴിവാക്കിയതിൽ അമർഷം; കണ്ണൂര്‍ സിപിഎമ്മില്‍ അതൃപ്തി പുകയുന്നു

കണ്ണൂര്‍: ഇ പി ജയരാജനെ വീണ്ടും മത്സരിപ്പിക്കാത്തതിലും പി ജയരാജന് സീറ്റ് നിഷേധിച്ചതിലും കണ്ണൂരിലെ സിപിഎമ്മില്‍ അതൃപ്തി പുകയുന്നു. ഇ പി ജയരാജന് മട്ടന്നൂര്‍ സീറ്റ് നിഷേധിച്ചതിനെതിരെ ജില്ലാ കമ്മറ്റിയില്‍ വിമര്‍ശനം ഉയർന്നു. അതേസമയം പി ജയരാജനെ ഒഴിവാക്കിയതില്‍ അമര്‍ഷമുള്ളത് താഴെ തട്ടിലുള്ള പ്രവര്‍ത്തകര്‍ക്കാണ് സമൂഹമാധ്യമങ്ങളിലുൾപ്പെടെ പ്രതിഷേധിക്കുന്നത്. .

സ്വന്തം മണ്ഡലം പാര്‍ട്ടിയിലെ തന്നെ മറ്റൊരു മന്ത്രിക്കായി മാറിക്കൊടുക്കണമെന്ന ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശത്തിന് പിന്നാലെയായിരുന്നു മത്സരിക്കാനില്ലെന്ന് ഇ പി ജയരാജന്‍ പറഞ്ഞത്. ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മറ്റിയില്‍ ഇ പി ജയരാജന്‍, തോമസ് ഐസക് പോലെയുള്ള മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിക്കൊണ്ടുള്ള സ്ഥാനാര്‍ത്ഥി പട്ടിക പാര്‍ട്ടിക്ക് ഏറെ ദോഷം ചെയ്യുമെന്ന് വിമര്‍ശനം ഉയര്‍ന്നു. മട്ടന്നൂരില്‍ ഇറക്കുന്നതിന് പകരം കെ കെ ഷൈലജയെ പേരാവൂരില്‍ മത്സരിപ്പിച്ച് ആ സീറ്റ് പിടിച്ചെടുക്കുകയായിരുന്നു വേണ്ടതെന്നും ചില നേതാക്കള്‍ അഭിപ്രായപ്പെട്ടു.

പി ജയരാജനെ തഴഞ്ഞതില്‍ അമര്‍ഷമുണ്ടെങ്കിലും പരസ്യ വിമര്‍ശനം നിര്‍ത്തുന്നതായി സൂചിപ്പിച്ച് പി ജെ ആര്‍മി പോസ്റ്റിട്ടു. ഉയിരാണ് പിജെ, പാര്‍ട്ടിയാണ് വലുതെന്ന് പറഞ്ഞ് ആര്‍മി വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചപ്പോഴും കനലെരിയുകയാണ്.

പി ജയരാജന് പിന്തുണ പ്രഖ്യാപിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്ന് രാജി വച്ച ധീരജ് കുമാര്‍ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം മതിയാക്കുകയാണെന്ന് വ്യക്തമാക്കി.