തൃത്താലയിൽ സന്ദീപ് വാര്യര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും

    ന്യൂഡല്‍ഹി: ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ തൃത്താലയില്‍ സ്ഥാനാര്‍ത്ഥിയായേക്കും. സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റം വരുത്തി സന്ദീപ് വാര്യരെ തൃത്താലയിലേക്ക് നിയോഗിച്ചതായാണ് സൂചന. മണ്ഡലത്തില്‍ നിലവിലെ എം എല്‍ എയായ കോണ്‍ഗ്രസിന്റെ യുവ നേതാവ് വി ടി ബല്‍റാമിനെ സി പി എം നേതാവ് എം ബി രാജേഷ് നേരിടുന്ന പോരാട്ടം ഇതിനകം തന്നെ വലിയ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. ഇതിനിടെയാണ് ബി ജെ പിയിലെ ശക്തനായ യുവ നേതാവ് സന്ദീപ് വാര്യര്‍ കൂടി മണ്ഡലത്തില്‍ മത്സരിക്കാനെത്തുമെന്ന വിവരം പുറത്തുവരുന്നത്.

    രണ്ടു തവണയായി തൃത്താലയിലെ എം എല്‍ എയാണ് വി ടി ബല്‍റാം. നേരത്തെ പാലക്കാട് എം പിയായിരുന്ന എം ബി രാജേഷിന് തൃത്താല പിടിക്കുക എന്നത് അഭിമാന പോരാട്ടമാണ്. രണ്ട് യുവ നേതാക്കള്‍ തമ്മിലുളള പോരാട്ടം എന്ന നിലയില്‍ പ്രചാരണത്തിന്റെ തുടക്കത്തില്‍ തന്നെ തൃത്താല താരമണ്ഡലങ്ങളിലൊന്നായി കഴിഞ്ഞിരുന്നു.

    ബി ജെ പിക്ക് കാര്യമായ വോട്ടുളള മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ആരെന്നത് നിര്‍ണായകമാണ്. സന്ദീപ് വാര്യര്‍ തൃത്താലയില്‍ സ്ഥാനാര്‍ത്ഥിയാവുന്നതോടെ യുവ നേതാക്കള്‍ തമ്മിലുളള കടുത്ത ത്രികോണ മത്സരത്തിനാവും മണ്ഡലം സാക്ഷ്യം വഹിക്കുക.