പ്രസവിച്ച ഉടന്‍ കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നു കളഞ്ഞ സ്ത്രീയെ വാഹനം തടഞ്ഞ് പൊലീസ് പിടികൂടി

പാലക്കാട് അട്ടപ്പള്ളം പേട്ടക്കാട് റോഡരികില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ അമ്മ പൊലീസ് കസ്റ്റഡിയില്‍. പശ്ചിമബംഗാള്‍ സ്വദേശിനിയായ യുവതിയെ അങ്കമാലിക്ക് സമീപം വച്ച് സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഞ്ഞ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്ലാസ്റ്റിക്ക് കവറില്‍  കിടത്തിയ കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. വാളയാര്‍ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ കുഞ്ഞ് ജനിച്ചിട്ട്  മണിക്കൂറുകള്‍ മാത്രമേ ആയിട്ടുള്ളു എന്നു വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതര സംസ്ഥാനത്ത് നിന്നു വരികയായിരുന്ന വാഹനത്തിലെ യാത്രക്കാരിയാണ് കുഞ്ഞിന് ജന്മം നല്‍കിയതെന്ന് തിരിച്ചറിഞ്ഞത്.

അസം ബോര്‍ഡറില്‍ നിന്നും ഇതര സംസ്ഥാനതൊഴിലാളികളെ കോതമംഗലത്തേക്ക് കൊണ്ടു വരികയായിരുന്ന ടൂറിസ്റ്റ് ബസിലാണ് യുവതി സഞ്ചരിച്ചിരുന്നത്. ഇതര സംസ്ഥാനത്ത് നിന്നും വ്യാപകമായി കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നതായുള്ള വിവരത്തെ തുടര്‍ന്ന് ഈ വാഹനം പേട്ടക്കാട് എത്തിയപ്പോള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധന നടത്തിയിരുന്നു. ഇതിനിടെ ഒരു യുവതി ഛര്‍ദ്ദിക്കാനായി വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയതായി വിവരം ലഭിച്ചു. ഇതോടെയാണ് കുഞ്ഞിന്റെ അമ്മ ഈ വാഹനത്തില്‍ ഉണ്ടായിരുന്ന യുവതിയാകാമെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.

ബസ് അങ്കമാലിയിലെത്തിയപ്പോള്‍ പൊലീസ് തടഞ്ഞ് ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ ഗര്‍ഭിണിയായിരുന്നു എന്നത് ഉള്‍പ്പടെയുള്ള വിവരം സഹയാത്രക്കാര്‍ അറിയിക്കുന്നത്. ഉടന്‍ തന്നെ ഇവരെ അങ്കമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി. കോതമംഗലത്തേയ്ക്കു പോകുകയായിരുന്ന ബസിലായിരുന്നു ഇവരുണ്ടായിരുന്നത്.

നേരത്തെ ആലുവയില്‍ ജോലി ചെയ്തിരുന്ന ഇവര്‍ക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നു. മറ്റൊരു ബന്ധു ആലുവയില്‍ ഉണ്ടെന്നു പറഞ്ഞതിനെ തുടര്‍ന്ന് ആയാളോട് സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിനെ കഞ്ചിക്കോട് പി.എച്ച്.സിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പാലക്കാട് ജില്ലാ ആപത്രിയിലെത്തിച്ചു.