തൃശൂര്‍ – കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രഥമ സംസ്ഥാന കണ്‍വെന്‍ഷന്‍ ഈ മാസം ഏഴിന് സാഹിത്യ അക്കാദമി ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കേരള സാഹിത്യ അക്കാദമി ഹാളില്‍ ഏഴിന് ആദ്ധ്യാത്മിക വിചാരസഭ, സാംസ്കാരിക വിചാരസഭ, ആര്‍ഷദര്‍ശന പുരസ്കാര സമര്‍പ്പണ സഭ എന്നിവയോടെയാണ് കണ്‍വെന്‍ഷന്‍.
ആദ്ധ്യാത്മിക വിചാരസഭ കോളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയും സാംസ്കാരിക വിചാരസഭ സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖനും ആര്‍ഷദര്‍ശന പുരസ്കാര സമര്‍പ്പണ സഭ ഡോ. എം. ലീലാവതിയും ഉദ്ഘാടനം ചെയ്യും. പ്രഥമ ആര്‍ഷ ദര്‍ശന പുരസ്കാരം മഹാകവി അക്കിത്തത്തിന് ചടങ്ങില്‍ സമ്മാനിക്കും.
സി. രാധാകൃഷ്ണന്‍, ഡോ. എം. ലീലാവതി, ശ്രീകുമാരന്‍ തന്പി, വി. മധുസൂദനന്‍ നായര്‍, മാടമ്പ് കുഞ്ഞിക്കുട്ടന്‍, എസ്. രമേശന്‍നായര്‍, ജി. പ്രഭ എന്നിവരെ ആദരിക്കും. കെ.എച്ച്.എന്‍.എ പ്രസിഡന്‍റ് സുരേന്ദ്രന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. കെ.പി. ശങ്കരന്‍ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തും. രാവിലെ 9-ന് ആദ്ധ്യാത്മിക വിചാരസഭയില്‍ സനാതന ധര്‍മ്മത്തിലെ സമകാലീന സമസ്യകള്‍ എന്ന വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന കലാസന്ധ്യയോടെ കണ്‍വെന്‍ഷന്‍ സമാപിക്കും. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കോര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്‍ നായര്‍ സ്വാഗതസംഘം കണ്‍വീനര്‍ പി. സുധാകരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
 
            


























 
				

















