ഇ.ഡിക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശം

    കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചെന്ന പ്രതികളുടെ വെളിപ്പെടുത്തല്‍ അടിസ്ഥാനമാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു.
    സ്വപ്ന സുരേഷിന്റെ ശബ്ദരേഖയുടെയും സന്ദീപ് നായര്‍ ജയിലില്‍ നിന്ന് ജില്ലാ ജഡ്ജിക്ക് അയച്ച കത്തിന്റെയും അടിസ്ഥാനത്തില്‍ കേസെടുക്കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍സാണ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസിന് നിയമോപദേശം കൈമാറിയത്.സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുന്നതിനിടെ ഇ.ഡി ഉദ്യോഗസ്ഥ സമ്മര്‍ദം ചെലുത്തിയെന്ന് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ നല്‍കിയ മൊഴിയും പരിശോധിച്ചാണ് നടപടി. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് പറയിക്കാന്‍ ഇ.ഡി സമ്മര്‍ദ്ദം ചെലുത്തിയെന്ന് സന്ദീപ് നായര്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്ക് കത്ത് നല്‍കിയതും പരിഗണിച്ചു.