മലപ്പുറത്തെയും കണ്ണൂരിലെയും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ ഐ എ റെയ്ഡ്

    ന്യൂഡല്‍ഹി: കേരളവും, കര്‍ണാടകയുമുള്‍പ്പടെയുള്ള പത്തിടങ്ങളില്‍ എന്‍ ഐ എ റെയ്ഡ്. ഐസിസ് കേസുകളുമായി ബന്ധപ്പെട്ടാണ് ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തുന്നതെന്നാണ് സൂചന. പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

    പാകിസ്ഥാന്‍ സോഷ്യല്‍ മീഡിയയിലൂടെ യുവാക്കളെ റിക്രൂട്ട് ചെയ്യുകയും, ഓണ്‍ലൈന്‍ വഴി പരിശീലനം നല്‍കുകയും ചെയ്യുന്നുവെന്നും, പ്രാദേശിക ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഇവരെ പ്രേരിപ്പിക്കുന്നുവെന്നും എന്‍ ഐ എ വൃത്തങ്ങള്‍ അറിയിച്ചു.

    കേരളത്തില്‍ കണ്ണൂരിലും മലപ്പുറത്തുമാണ് എന്‍ ഐ എ പരിശോധന നടത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റിന്റെ വീട് അന്വേഷണ സംഘം ഇപ്പോള്‍ പരിശോധിക്കുകയാണ്. കണ്ണൂര്‍ താണയിലെ ഒരു വീട്ടില്‍ പുലര്‍ച്ചെയോടെ പരിശോധന ആരംഭിച്ചു.