ധര്‍മ്മടത്ത് സ്ഥാനാര്‍ത്ഥിയാകാനില്ല; പോരായ്മകള്‍ ആരുടെ മുന്നിലും തുറന്നുപറയുമെന്ന് കെ സുധാകരന്‍

    കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്ത് സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് കെ സുധാകരന്‍ എം പി. ധര്‍മ്മടത്ത് മത്സരിക്കാന്‍ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ല. താനും ആരോടും ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ ഒരു ചര്‍ച്ച ഇപ്പോഴില്ലെന്നും സുധാകരന്‍ പറഞ്ഞു.

    അതേസമയം, ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് വേണ്ടി ധര്‍മ്മടം ചലഞ്ച് ഏറ്റെടുക്കുമോ എന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സുധാകരന്റെ പ്രതികരണം ഇപ്രകാരമായിരുന്നു. ‘നമുക്ക് ഇപ്പോള്‍ ഇവിടെ നിരവധി പേരുണ്ട്. അപ്പോള്‍ ഞാന്‍ വേഷം കെട്ടേണ്ടല്ലോ. ഞാന്‍ ഇപ്പോള്‍ എം പിയാണ്. ധര്‍മ്മടത്ത് യോഗ്യനായ സ്ഥാനാര്‍ത്ഥിയുണ്ടാകും’ എന്നായിരുന്നു സുധാകരന്റെ പ്രതികരണം.

    കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തൃപ്തിയില്ലെന്ന് സുധാകരന്‍ ആവര്‍ത്തിച്ചു. പട്ടികയില്‍ പോരായ്മയുണ്ട്. അക്കാര്യം തുറന്നു പറയുന്നതില്‍ ഭയപ്പാടുമില്ല, മടിയുമില്ല. ആരുടെ മുന്നിലും തുറന്നുപറയും, പറഞ്ഞിട്ടുമുണ്ട്. പോരായ്മകളുണ്ടെങ്കിലും ഈ പട്ടിക വച്ച് മുന്നോട്ടുപോകാനേ നിവൃത്തിയുളളൂ. പ്രശ്നങ്ങളും പരാതികളും നേതാക്കളുമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണുകയാണ് പാര്‍ട്ടിയുടെ ശൈലിയെന്നും സുധാകരന്‍ പറഞ്ഞു.

    വിജയപ്രതീക്ഷയുണ്ട്, പ്രതീക്ഷയ്ക്ക് കാരണം ഇപ്പോഴത്തെ രാഷ്ട്രീയസ്ഥിതിയാണ്. സ്ഥാനാര്‍ത്ഥി പട്ടിക രണ്ടാമത്തെ കാര്യം മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു. എ ഗ്രൂപ്പിന് ഡി സി സി പ്രസിഡന്റ് സ്ഥാനം നല്‍കുമോ എന്ന ചോദ്യത്തിന്, ഇതേക്കുറിച്ചൊന്നും ചര്‍ച്ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    ഇരിക്കൂര്‍ സീറ്റിനെ കുറിച്ചുളള പ്രശ്നം രമ്യമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. എപ്പോഴും താന്‍ ശുഭാപ്തി വിശ്വാസിയാണ്. പ്രശ്നം തീരണം, തീര്‍ക്കണമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.