വട്ടിയൂര്‍ക്കാവില്‍ വീണ, വിഷ്ണുനാഥ് കുണ്ടറയില്‍, സിദ്ദിഖ് കല്‍പറ്റയില്‍; കോണ്‍ഗ്രസ് പട്ടികയായി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ശേഷിക്കുന്ന ആറിടത്തെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി കോണ്‍ഗ്രസ്. വട്ടിയൂര്‍ക്കാവില്‍ വീണ നായര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. പി.സി.വിഷ്ണുനാഥ് കുണ്ടറയില്‍ മത്സരിക്കും. ടി.സിദ്ദിഖ് കല്‍പറ്റയിലും വി.വി.പ്രകാശ് നിലമ്പൂരും ഫിറോസ് കുന്നംപറമ്പില്‍ തവനൂരിലും സ്ഥാനാര്‍ഥിയാകും.

പട്ടാമ്പിയില്‍ റിയാസ് മുക്കോളിയാണ് സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടായ ഇരിക്കൂറില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റില്ല. ഇരിക്കൂറില്‍ സജീവ് ജോസഫ് തന്നെ മല്‍സരിക്കും.

ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് യുഡിഎഫ് പിന്തുണ നല്‍കിയേക്കും. യു.ഡി.എഫ്. പിന്തുണ കിട്ടിയാല്‍ സ്വീകരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കിയിരുന്നു. മത്സരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവരെ പിന്തുണയ്ക്കുന്ന കാര്യം ആലോചനയിലാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചിരുന്നു.