പെരുന്നന്മ ശബരിമല വിഷയത്തില്‍, നിലപാടുകളിലെ മാറ്റം വിശ്വാസികളെ വിഡ്ഢികളാക്കുന്നതിനുവേണ്ടി മാത്രമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരാമര്‍ശത്തിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് കേസ് നടത്തി തോറ്റെന്നും, കേസ് തോറ്റപ്പോള്‍ ജനങ്ങളെ അണിനിരത്തി സര്‍ക്കാരിനാണ് കുഴപ്പമെന്നു പറയുന്നുവെന്നും കാനം ആരോപിച്ചിരുന്നു.
കേസ് നിലവിലുണ്ട് എന്ന കാര്യം അദ്ദേഹത്തിന്റെ പ്രസ്താവന തന്നെ വ്യക്തമാക്കുന്നുവെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി, ഇപ്പോള്‍ പറയുന്നത് ശബരിമല കേസില്‍ അന്തിമ വിധി വരുമ്പോള്‍ വിശ്വാസികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടായാല്‍ എല്ലാവരുമായും ആലോചിച്ച ശേഷം മാത്രമേ വിധി നടപ്പാക്കൂ എന്നാണ്. എന്നാല്‍, ഇക്കാര്യത്തില്‍ അവരുടെ ദേശീയ ജനറല്‍ സെക്രട്ടറിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ഇതിനു വിരുദ്ധമല്ലേയെന്നും അദ്ദേഹം ചോദിച്ചു.
സുപ്രീം കോടതിയില്‍ ശബരിമല കേസിന്റെ ഉത്ഭവം 2006 ലാണ്. 2008ല്‍ എന്‍എസ്എസ് അതില്‍ കക്ഷിചേര്‍ന്നു. ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് 2018 സെപ്റ്റംബര്‍ 9ന് വിധിയുണ്ടായി. ഈ വിധിക്കെതിരെ എന്‍എസ്എസ് 2018 ഒക്ടോബര്‍ 8ന് ഭരണഘടനാ ബെഞ്ച് മുന്‍പാകെ റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്തു. അതനുസരിച്ച് റിവ്യൂ ഹര്‍ജികളിന്‍മേല്‍ 2019 ജനുവരി 22ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ അഞ്ചംഗ ബെഞ്ച് തീരുമാനിച്ചു. വിധിയില്‍ ചില അപാകതകള്‍ ഉണ്ടെന്നു ബോധ്യപ്പെട്ട സാഹചര്യത്തില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച്, കേസ് ഒന്‍പതംഗ വിശാല ബെഞ്ചിന്റെ പരിഗണയ്ക്കു വിട്ടു. കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണയില്‍ ഇരിക്കുന്നതേയുള്ളൂവെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.











































