‘തള്ളിന് മാത്രം കുറവില്ല; എല്ലാം ശരിയാക്കി തന്നവര്‍ ഇനി പൊക്കോണം’: സലീം കുമാര്‍

    സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ സലീം കുമാര്‍. പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് നിലവിലെ വിവാദ വിഷയങ്ങള്‍ അടക്കം എടുത്തുപറഞ്ഞ് സര്‍ക്കാരിനെതിരെ താരത്തിന്റെ രൂക്ഷ വിമര്‍ശനം. എല്‍ദോസ് കുന്നപ്പിള്ളി തന്നെ ഫേസ്ബുക്കിലൂടെ പങ്കുവച്ച ഈ വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.

    അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ചെന്ന് സര്‍ക്കാര്‍ പറയുന്നത് സത്യം തന്നെയാണ് അറബിക്കടല്‍ വരെ വില്‍ക്കാന്‍ പറ്റുമെന്ന് ആരെങ്കിലും വിചാരിച്ചിട്ടുണ്ടോ എന്നാണ് പരിഹാസ രൂപെണ സലീം കുമാര്‍ പറയുന്നത്. ഏപ്രില്‍ ആറ് ആ വിശ്വാസ വഞ്ചകരുടെ പതിനാറടിയന്തിരമായി നമുക്ക് ആഘോഷിക്കണം എന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

    ‘അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച സര്‍ക്കാര്‍. ശരിയാണ് അസാധ്യമായി ഒന്നുമില്ലെന്ന് അവര്‍ തെളിയിച്ചു. സത്യമാണ്.അറബിക്കടലൊക്കെ വില്‍ക്കാന്‍ പറ്റുമെന്ന് ആരെങ്കിലും വിചാരിച്ചിരുന്നിട്ടുണ്ടോ? പിന്നെ സ്ത്രീകളെന്തോ ആത്മസംതൃപ്തിയോടെ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ എന്ന്. വാളയാറില്‍ രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ രക്തം വാര്‍ന്ന ശരീരവുമായി കെട്ടിത്തൂങ്ങി നിന്നത് നമ്മളോര്‍ക്കുന്നില്ലേ ആ പിഞ്ചുകുഞ്ഞുങ്ങള്‍ എന്ത് ആത്മസംതൃപ്തിക്കാണ് അവിടെ കെട്ടിത്തൂങ്ങി മരിച്ചത്.

    കോവിഡ് ബാധിച്ച സ്ത്രീയെ ആംബുലന്‍സിലിട്ട് പീഡിപ്പിച്ചു. ആ സ്ത്രീക്കെന്ത് ആത്മസംത്യപ്തിയാണ് കിട്ടിയത്. അതേപോലെ ഒരമ്മ തലമുണ്ഡനം ചെയ്ത് ധര്‍മ്മടത്ത് നില്‍ക്കുകയാണ് സ്വന്തം മക്കളുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അവര്‍ക്ക് തക്കശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് അവരെയൊക്കെ രക്ഷപ്പെടുത്തിക്കളഞ്ഞു. ആ അമ്മ എന്ത് ആത്മസംതൃപ്തിയാണ് നേടിയത്. ആത്മസംതൃപ്തി അനുഭവിച്ചിട്ടുണ്ട് ഇല്ലെന്നൊന്നും പറയുന്നില്ല. സ്വപ്ന.. പത്താംക്ലാസ് പാസായ സ്വപ്നയ്ക്ക് മുഖ്യമന്ത്രിയെക്കാള്‍ ശമ്പളമുള്ള ജോലി നല്‍കി ആത്മസംത്യപ്തി അടയിപ്പിച്ചു..

    ‘പിന്നെ കുറേ നേതാക്കന്‍മാരുടെ ഭാര്യമാര്‍ക്ക് പിന്‍വാതിലൂടെ ജോലി കൊടുത്ത് നല്ല ആത്മസംതൃപ്തി അടഞ്ഞിട്ടുണ്ട്. അല്ലാതെ സാധാരണക്കാരൊക്കെ ഇപ്പോഴും സെക്രട്ടേറിയറ്റിന്റെ പടിക്കല്‍ മുട്ടിലിഴഞ്ഞ് നടക്കുവാണ് ആത്മ സംതൃപ്തിക്കായി. ഒരു ഓണം ആഘോഷിച്ചിട്ട്, പെരുന്നാള്‍ ആഘോഷിച്ചിട്ട്, ക്രിസ്മസ് ആഘോഷിച്ചിട്ട്, ബക്രീദ് ആഘോഷിച്ചിട്ട് അഞ്ച് വര്‍ഷമായി. ദാരിദ്രം എന്നുവച്ചാല്‍ ഒടുക്കത്തെ ദാരിദ്രം.

    ഓര്‍ക്കുന്നുണ്ടാകാം ആ സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രി വന്നു പ്രാവിനെ പറത്തിയത്. പ്രാവ് അധികം പറന്നില്ല അപ്പോള്‍ തന്നെ ബോധം കെട്ട് താഴേക്ക് പോയി അതിന് മനസിലായി കുഴപ്പമാണിതെന്ന്. അന്ന് തുടങ്ങിയ കഷ്ടകാലമാണിത്. തള്ളിന് ദൈവം സഹായിച്ച് കുറവൊന്നുമില്ല. ഒടുക്കത്തെ തള്ളാണ്. മന്ത്രിമാരും വന്‍ നേതാക്കളും കൊച്ചു നേതാക്കളും വരെ ഒടുക്കത്തെ തള്ളാണ്. എല്ലാം ശരിയാക്കി തരാം എന്നു പറഞ്ഞാണ് വന്നത്. എല്ലാം ശരിയാക്കി തന്നവര് പിന്നിവിടെ നിക്കരുത് പോയേക്കണം പോയില്ലെങ്കില്‍ പറഞ്ഞു വിട്ടോളണം. ആ വിടാനുള്ള ഡേറ്റാണിത്. ഏപ്രില്‍ ആറ് ആ വിശ്വാസ വഞ്ചകരുടെ പതിനാറടിയന്തിരമായി നമുക്ക് ആഘോഷിക്കണം’ കൈപ്പത്തിക്ക് വോട്ടഭ്യര്‍ഥിച്ച് സലീം കുമാര്‍ പറഞ്ഞുനിര്‍ത്തി.