മാംഗല്യദോഷം മാറാന്‍ ട്യൂഷന്‍ ടീച്ചര്‍ 13 കാരനെ കല്യാണം കഴിച്ചു

ജലന്ധര്‍: മാംഗല്യദോഷം മാറാന്‍ ട്യൂഷന്‍ ടീച്ചര്‍ തന്റെ പഴയ വിദ്യാര്‍ഥിയായ 13 കാരനെ കല്യാണം കഴിച്ചു. സംഭവം നടന്നത് പഞ്ചാബിലെ ജലന്ധറിലാണ്.

‘മാംഗല്യ ദോഷം കാരണം തന്റെ വിവാഹം നടക്കാത്തതിനാല്‍ വീട്ടിലുള്ളവര്‍ വളരെ ദുഖത്തിലാണ്. അതുകൊണ്ട് പ്രതീകാത്മകമായി ഒരു പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി വിവാഹം നടത്തണമെന്ന് പൂജാരി നിര്‍ദേശിച്ചു’ എന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.

ഇരയായ 13 കാരനാകട്ടെ യുവതിയുടെ ട്യൂഷന്‍ ക്ലാസില്‍ മുന്‍പ് വന്നിരുന്നയാളാണ്. ട്യൂഷന്‍ ക്ലാസിനായി കുട്ടി ഒരാഴ്ച തന്റെ വീട്ടില്‍ തങ്ങണമെന്ന് ടീച്ചര്‍ കുട്ടിയുടെ രക്ഷിതാക്കളോട് പറഞ്ഞു. അതിനു ശേഷം കുട്ടി തിരികെ വീട്ടിലെത്തി രക്ഷിതാക്കളോട് കാര്യങ്ങള്‍ വിവരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ സംഭവം പൊലീസിനെ അറിയിക്കുകയും ചെയ്തു.

യുവതിയും കുടുംബവും സമ്മര്‍ദം ചെലുത്തിയാണ് കല്യാണം നടത്തിയതെന്നും തന്റെ വളകള്‍ ഉടച്ചുകളഞ്ഞ് ടീച്ചര്‍ വിധവയായതായി പറഞ്ഞെന്നും കുട്ടിയുടെ ബന്ധുക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.