തൃശ്ശൂരിലെ വനിത ഡോക്ടറുടെ കൊലപാതകം: പ്രതിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: തൃശ്ശൂരിലെ കുട്ടനെല്ലൂരില്‍ വനിതാ ഡോക്ടര്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതി മഹേഷിന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ ബെഞ്ചാണ് ജാമ്യം റദ്ദാക്കിയത്. മഹേഷിനോട് അടിയന്തിരമായി കീഴടങ്ങാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.

കുട്ടനെല്ലൂരില്‍ ഡെന്റല്‍ ക്ലിനിക് നടത്തിയിരുന്ന സോനാ ജോസിനെയാണ് സെപ്റ്റംബര്‍ 28-ന് മഹേഷ് കൊലപ്പെടുത്തിയത്. ഒക്ടോബര്‍ ആറിന് അറസ്റ്റിലായ മഹേഷിന് ഹൈക്കോടതി ഡിസംബര്‍ 21 ന് ജാമ്യം അനുവദിച്ചു. സ്വന്തം പിതാവിന്റെ മുന്നില്‍ വച്ചാണ് സോനയെ കൊലപ്പെടുത്തിയതെന്നും വെറും 75 ദിവസം മാത്രം ജയിലില്‍ കഴിഞ്ഞ മഹേഷിന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു എന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജര്‍ ആയ സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ വാദിച്ചു.

വിവാഹബന്ധം വേര്‍പെട്ട ശേഷം സോന 2 വര്‍ഷമായി കുരിയച്ചിറയിലെ ഫ്ലാറ്റിലായിരുന്നു താമസം. പഠനകാലത്ത് സോനയും മഹേഷും സുഹൃത്തുക്കളായിരുന്നു. പിന്നീട് മഹേഷിന്റെ നിര്‍ബന്ധത്തില്‍ കുട്ടനെല്ലൂരില്‍ ക്ലിനിക് തുടങ്ങി. ക്ലിനിക്കിന്റെ ഇന്റീരിയര്‍ ഡിസൈന്റെ നിര്‍മാണച്ചെലവ് സംബന്ധിച്ചുണ്ടായ തര്‍ക്കമാണു കൊലപാതകത്തിന് കാരണം എന്നാണ് പോലീസ് കേസ്.