വികസന കാഴ്ചപ്പാടിനോടൊപ്പം ശബരിമലയും കഴക്കൂട്ടത്ത് ചർച്ചാ വിഷയമാകും; ഡോ. എസ്.എസ് ലാൽ‌

തിരുവനന്തപുരം; തലസ്ഥാന ന​ഗരത്തിന്റെ പ്രവേശന കവാടമായ കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ വികസന പ്രശ്നങ്ങൾക്കൊപ്പം ദേവസ്വം മന്ത്രി എന്ന നിലയിൽ എതിർ സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ ശബരിമല വിഷയത്തിൽ സ്വീകരിച്ച നിലപാടും തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഡോ. എസ്.എസ് ലാൽ പറഞ്ഞു. കടകംപള്ളി സുരേന്ദ്രൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പിന്നാലെ നടത്തിയ ഖേദപ്രകടനം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തള്ളിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും തള്ളിയ സാഹചര്യത്തിൽ കടകംപള്ളിയുടേത് മുതലക്കണ്ണീർ മാത്രമാണ്.

കടകംപള്ളിയുടെ ഖേദപ്രകടനത്തിൽ തെല്ലും ആത്മാർത്ഥതയുണ്ടെങ്കിൽ സീതാറാം യെച്ചൂരിയെ തള്ളിപ്പറയുകയും മുഖ്യമന്ത്രിയെ കഴക്കൂട്ടത്ത് കൊണ്ട് വന്ന് ഖേദപ്രകടനം നടത്തുകയുമാണ് വേണ്ടത്. ഇതൊന്നും ചെയ്യാതെ ശബരിമല വിഷയം കഴിഞ്ഞ കാര്യാമാണെന്ന് പറഞ്ഞ് വോട്ടർമാർരെ പറ്റിക്കാൻ ഇനിയും ശ്രമിക്കേണ്ടെന്നും ഡോ. എസ്.എസ് ലാൽ പറഞ്ഞു.

യുഡിഎഫിന് കഴക്കൂട്ടം മണ്ഡലത്തിൽ ശബരിമലയോടൊപ്പം നിരവധി വിഷയങ്ങളും‌ ചർച്ചയ്ക്ക് വെച്ചിട്ടുണ്ട്. അതെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ തന്നെ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞതുമാണ്. കഴക്കൂട്ടത്തിന്റെ വികസനവും ലോകോത്തരനിലവാരത്തിലുള്ള സൗകര്യങ്ങളുമാണ് യുഡിഎഫ് ചർച്ചയ്ക്ക് വെയ്ക്കുന്നത്. യുഡിഎഫിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഇത് വരെ എതിർ സ്ഥാനാർത്ഥിക്ക് ആയിട്ടില്ല. കോവിഡ് വർദ്ധിച്ച സമയത്ത് താൻ ആരോ​ഗ്യമന്ത്രി കെ.കെ.ശൈലജയേയും, ധനകാര്യമന്ത്രി തോമസ് ഐസക്കിനേയും തുറന്ന ചർച്ചയ്ക്ക് വിളിച്ചിട്ട് മറുപടി തരാത്തവരാണ് ഇപ്പോൾ വോട്ടർമാരെ കബളിപ്പിക്കാൻ ശ്രമിക്കുന്നതെന്നും ഡോ. എസ്.എസ് ലാൽ പറഞ്ഞു.