‘ലതികയ്ക്ക് സീറ്റ് നിഷേധിച്ചത് വേദനിപ്പിച്ചു’; കെ.സി. റോസക്കുട്ടി കോണ്‍ഗ്രസ് വിട്ടു

കല്‍പറ്റ: കെപിസിസി വൈസ് പ്രസിഡന്റ് കെ.സി. റോസക്കുട്ടി പാര്‍ട്ടി വിട്ടു. ബത്തേരി മുന്‍ എംഎല്‍എയും വനിതാ കമ്മിഷന്‍ അധ്യക്ഷയുമായിരുന്നു. 1991 ല്‍ ബത്തേരിയില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1996 ല്‍ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2011 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വനിതാ കമ്മിഷന്‍ അധ്യക്ഷയായിരുന്നു.

സ്ത്രീകളെ നിരന്തരം അവഗണിക്കുന്നതിലും ഗ്രൂപ്പ് പോരിലും മനംമടുത്താണ് രാജി. വളരെയധികം ആലോചിച്ചാണ് കോണ്‍ഗ്രസ് വിടാനുള്ള തീരുമാനം എടുത്തത്. ലതിക സുഭാഷിന് സീറ്റ് നിഷേധിച്ചതില്‍ വേദനിക്കുന്നതായും റോസക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലതികയുടെ പ്രതിഷേധത്തെക്കുറിച്ച് ചില കോണ്‍ഗ്രസ് നേതാക്കള് നടത്തിയ പ്രതികരണങ്ങള്‍ വേദനിപ്പിച്ചു, അവര്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച കെ.സി. റോസക്കുട്ടി സി.പി.എമ്മിലേക്ക്

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച കെ.പി.സി.സി. വൈസ് പ്രസിഡന്റ് കെ.സി. റോസക്കുട്ടി സി.പി.എമ്മിലേക്ക്. ബത്തേരിയിലെ വീട്ടിലെത്തി സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി, റോസക്കുട്ടിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. കല്‍പ്പറ്റിയിലെ ഇടത് സ്ഥാനാര്‍ഥി എം.വി. ശ്രേയാംസ് കുമാറും റോസക്കുട്ടിയുടെ വീട്ടിലെത്തി.

ഇനി എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് റോസക്കുട്ടി വ്യക്തമാക്കി. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണത്തിനിറങ്ങുമെന്നും അവര്‍ പറഞ്ഞു.

മൂന്ന് പതിറ്റാണ്ടായി കോണ്‍ഗ്രസ്സ് നേതാവാണ് റോസക്കുട്ടി. 1991 ല്‍ ബത്തേരിയെ സഭയില്‍ പ്രതിനിധീകരിച്ചു. മഹിളാ കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന സെക്രട്ടറിയായും വനിതാ കമ്മീഷന്‍ അധ്യക്ഷയായും പ്രവര്‍ത്തിച്ചിട്ടുണ്ട്