വനിതാ എംപിയുടെ ഡെസ്‌ക്കില്‍ ജീവനക്കാരന്റെ സ്വയംഭോഗം; പ്രാര്‍ഥനാമുറിയില്‍ അനാശാസ്യം; നാണംകെട്ട് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ്

കാന്‍ബെറ: പാര്‍ലമെന്റ് മന്ദിരത്തില്‍ വനിതാ എംപിയുടെ ഡെസ്‌ക്കില്‍ സ്വയംഭോഗം ചെയ്യുന്ന ജീവനക്കാരന്റെ വീഡിയോ പുറത്തുവന്നതോടെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി. പാര്‍ലമെന്റ് മന്ദിരത്തിലെ പ്രാര്‍ഥനാ മുറി ലൈംഗികപ്രവര്‍ത്തനങ്ങള്‍ക്കു ഉപയോഗിക്കുന്നുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ മാപ്പു പറഞ്ഞു രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് വനിതാ എംപിയുടെ ഡെസ്‌ക്കില്‍ സ്വയംഭോഗം ചെയ്യുന്ന ജീവനക്കാരന്റെ വീഡിയോ പുറത്തുവന്നത്. നേരത്തെ ലൈംഗിക ചിത്രങ്ങളും വീഡിയോയും പങ്കുവെക്കുന്നതിനു പാര്‍ലമെന്റ് ജീവനക്കാര്‍ക്കിടയില്‍ ഫേസ്ബുക്ക് മെസഞ്ചര്‍ ഗ്രൂപ്പുകള്‍ ഉണ്ടെന്ന വാര്‍ത്ത ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

എംപിമാര്‍ക്കുവേണ്ടി ലൈംഗിക തൊഴിലാളികളെ രഹസ്യമായി പാര്‍ലമെന്റില്‍ എത്തിച്ചിരുന്നുവെന്ന വാര്‍ത്തയും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ടോം എന്നു സ്വയം വിശേഷിപ്പിച്ചയാളാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. നേരത്തെ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ വനിതാ ഉപദേഷ്ടാവിനെ സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചുവെന്ന വാര്‍ത്ത വന്നിരുന്നു. ഈ സംഭവം കൈകാര്യം ചെയ്ത രീതിയില്‍ വീഴച പറ്റിയെന്ന് ആരോപിച്ച് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇപ്പോഴത്തെ സംഭവങ്ങളെ അപലപിച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ രംഗത്തെത്തിയിരുന്നു. അറപ്പ് ഉളവാക്കുന്ന കാര്യങ്ങളാണ് സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് ജീവക്കാരുടെ പ്രവൃത്തി ഞെട്ടിക്കുന്നതാണെന്നും വൃത്തികെട്ടതാണെന്നും മോറിസണ്‍ പറഞ്ഞു. ചൊവ്വാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റം അത്യധികം നാണംകെട്ടതാണെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഏറ്റുപറച്ചില്‍ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും, ഞെട്ടിക്കുന്ന സംഭവങ്ങളില്‍ കര്‍ശന നടപടി വേണമെന്ന് വനിതാ എംപിമാര്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എംപിമാരും പലപ്പോഴും പാര്‍ലമെന്റ് മന്ദിരത്തിലെ പ്രാര്‍ത്ഥന മുറി ലൈംഗിക പ്രവര്‍ത്തികള്‍ക്ക് ഉപയോഗിച്ചിരുന്നതായും നിരവധി തവണ ലൈംഗികത്തൊഴിലാളികളെ അവിടേക്ക് എത്തിച്ചിരുന്നതായും സര്‍ക്കാരിന്റെ അഭ്യുദയകാംക്ഷി എന്ന് വിശേഷിപ്പിച്ച ടോം വെളിപ്പെടുത്തിയിരുന്നു. ഒരു കൂട്ടം ജീവനക്കാര്‍ പതിവായി അശ്ലീല വീഡിയോയും ഫോട്ടോകളും കൈമാറുന്നുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

സംഭവം വിവാദമായതോടെ പാര്‍ലമെന്റ് മന്ദിരത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനോടകം പുറത്തുവന്ന ഫോട്ടോകളും വീഡിയോയും അനുസരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും സര്‍ക്കാര്‍ സൂചിപ്പിച്ചു.