അരി വിതരണം തടഞ്ഞതിനെതിരേ സര്‍ക്കാര്‍ നിയമനടപടിക്ക്; വിഷുകിറ്റ് ഏപ്രില്‍ ഒന്ന് മുതല്‍

തിരുവനന്തപുരം: വെള്ള, നീല കാര്‍ഡുകാര്‍ക്ക് സ്പെഷ്യല്‍ അരി നല്‍കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞതിനെതിരേ സര്‍ക്കാര്‍ നിയമനടപടിക്ക്. വിഷു കിറ്റ് വിതരണം ചെയ്യുന്നത് നീട്ടുകയും ചെയ്തു. ഈ മാസം അവസാനത്തോടെ വിതരണം ചെയ്യാനായിരുന്നു തീരുമാനം.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിഷു കിറ്റ് നേരത്തെ വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്താല്‍ ഏപ്രില്‍ ഒന്ന് മുതലാണ് വിഷു കിറ്റ് വിതരണം ചെയ്യാന്‍ ഭക്ഷ്യ വകുപ്പ് തീരുമാനിച്ചത്. ഏപ്രില്‍ ഒന്ന്, രണ്ട് തിയതികളില്‍ അവധിയാണെങ്കില്‍ റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് പ്രത്യേക ഉത്തരവിറക്കും. മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് ആദ്യം വിതരണം ചെയ്യും.

വെള്ള, നീല കാര്‍ഡുകാര്‍ക്ക് കിലോയ്ക്ക് 15 രൂപ നിരക്കില്‍ സ്പെഷ്യല്‍ അരി നല്‍കാനായിരുന്നു തീരുമാനം. ഇത് വിതരണം ചെയ്യുന്നത് തടഞ്ഞ കമ്മീഷന്റെ നടപടിയെ നിയമപരമായി നേരിടാനാണ് ഭക്ഷ്യ വകുപ്പിന്റെ തീരുമാനം.