ലതികാ സുഭാഷിനെതിരെ നടപടി; കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കം പുറത്താക്കി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതികാ സുഭാഷിനെതിരെ നടപടി. ലതികയെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കം ചെയ്തതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി ഉണ്ടായ പ്രതിഷേധങ്ങളില്‍ കോണ്‍ഗ്രസിനെ ആകെ പിടിച്ചുലച്ച സംഭവമായിരുന്നു കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവന് മുന്നില്‍ ലതികാ സുഭാഷ് നടത്തിയ മൊട്ടയടി. പലവിധ പ്രതിഷേധങ്ങള്‍ സംസ്ഥാനത്തിന്റെ പലമേഖലകളില്‍ നിന്ന് ഉയര്‍ന്ന് വന്നെങ്കിലും ഏറെ ചര്‍ച്ചയായത് ലതികയുടെ പ്രതിഷേധമായിരുന്നു. പിന്നാലെ അതിരൂക്ഷമായ വിമര്‍ശനങ്ങളും കോണ്‍ഗ്രസ് നേതൃത്വത്തിന് നേരിടേണ്ടിവന്നിരുന്നു. നേതാക്കളുടെ അനുനയന നീക്കങ്ങള്‍ തള്ളിയ ലതികാ സുഭാഷ് ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തുണ്ട്.

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്താനും മടിയില്ലാത്ത കോണ്‍ഗ്രസ് അധ്യക്ഷനില്‍ നിന്ന് ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു പുറത്താക്കല്‍ നടപടിയോട് ലതികാ സുഭാഷിന്റെ പ്രതികരണം.