സൂര്യന്റെ രശ്മികളെ പോലും യു ഡി എഫ് വെറുതെ വിട്ടില്ല; സ്വര്‍ണക്കട്ടിയ്ക്ക് വേണ്ടി എൽ.ഡി.എഫ് കേരളത്തെ ഒറ്റുകൊടുത്തു: പ്രധാനമന്ത്രി

    Mumbai: Prime Minister Narendra Modi waves during a BJP function, in Mumbai on Tuesday, June 26, 2018. (PTI Photo/Mitesh Bhuvad) (PTI6_26_2018_000136A)

    പാലക്കാട്: എല്‍ ഡി എഫ്- യു ഡി എഫ് ഫിക്സ്ഡ് മത്സരം ഇത്തവണ കേരളം തളളുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ യുവവോട്ടര്‍മാര്‍ എല്‍ ഡി എഫിലും യു ഡി എഫിലും നിരാശരാണ്. പുതിയ വോട്ടര്‍മാര്‍ ഇരുമുന്നണികളുടെയും മാച്ച് ഫിക്സിംഗ് മത്സരത്തെ എതിര്‍ക്കുന്നു. അഞ്ച് വര്‍ഷം കൂടുന്തോറും ഇരുമുന്നണികളും കേരളത്തെ കൊളളയടിക്കുകയാണ്. ബംഗാളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും കോണ്‍ഗ്രസും ഒറ്റക്കെട്ടാണ്. അണിയറയിലെ നാടകങ്ങളെല്ലാം തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. സൂര്യന്റെ രശ്മികളെ പോലും യു ഡി എഫുകാര്‍ വെറുതെ വിട്ടില്ല. സ്വര്‍ണക്കട്ടിയ്ക്ക് വേണ്ടി ബൈബിളിലെ യൂദാസിനെ പോലെ കേരളത്തെ എല്‍ ഡി എഫുകാര്‍ ഒറ്റുകൊടുത്തെന്നും പ്രധാനമന്ത്രി ആരോപിച്ചു.

    അഴിമതി, ജാതീയത, വര്‍ഗീയത, സ്വജനപക്ഷപാതം, ക്രിമിനല്‍വത്ക്കരണം ഈ രോഗങ്ങളുടെയെല്ലാം അടിസ്ഥാനകാരണം വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. ഈ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ രാജാക്കന്മാരാണ് എല്‍ ഡി എഫും യു ഡി എഫും. വോട്ട് ബാങ്ക് രാഷ്ട്രീയത്തെ കൂടുതല്‍ ശക്തിപ്പെടുത്തി കീശ വീര്‍പ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

    ബി ജെ പി കേരളത്തെ കുറിച്ച് വിഭാവനം ചെയ്യുന്നത് പുരോഗമനപരമായ ആശയമാണ്. വ്യത്യസ്ത തുറകളില്‍പ്പെടുന്ന പ്രൊഫഷണലുകളായ ആളുകള്‍ ബി ജെ പിയിലേക്ക് ആകൃഷ്ടരാവുന്നത് അതുകൊണ്ടാണ്. മെട്രോമാന്‍ ശ്രീധരന്‍ ജീവിതത്തില്‍ എല്ലാം നേടിയ മനുഷ്യനാണ്. ഇന്ത്യയെ ആധുനികവത്കരിക്കുന്നതില്‍ നേട്ടം കൈവരിച്ച വ്യക്തിയാണ് അദ്ദേഹം. കേരളത്തിന്റെ പുരോഗതിയ്ക്ക് വേണ്ടി ശ്രീധരന്‍ സ്വയം സമര്‍പ്പിച്ചിരിക്കുകയാണ്. കേരളത്തിന്റെ അഭിമാനിയായ മകനാണ് ശ്രീധരനെന്നും മോദി പറഞ്ഞു. അധികാരം ആയിരുന്നു ആഗ്രഹമെങ്കില്‍ ശ്രീധരന് അത് ഇരുപത് വര്‍ഷം മുമ്പ് ആകാമായിരുന്നു. ഉത്സാഹവും ആവേശവും നല്‍കുന്ന വ്യക്തിത്വമാണ് ശ്രീധരന്റേതെന്നും മോദി പറഞ്ഞു.

    എല്ലാവരുടേയും ജീവിത സാഹചര്യം മെച്ചപ്പെടുത്തുകയാണ് ബി ജെ പിയുടെ ലക്ഷ്യം. നാളത്തെ കേരളത്തിന്റെ വികസനമാണ് ബി ജെ പി മുന്നില്‍ കാണുന്നത്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സൗകര്യം മത്സ്യത്തൊഴിലാളികള്‍ക്കും നല്‍കിയത് ഈ സര്‍ക്കാരാണ്. ഹാര്‍ബറുകളിലെ സൗകര്യവും ഉയര്‍ത്തി. കിസാന്‍ റെയില്‍ കാര്‍ഷികോത്പനങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ എത്തിക്കുന്നതിന് വലിയ പങ്ക് വഹിക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തും.

    ആയുര്‍വേദത്തെ ആഗോള തലത്തില്‍ വളര്‍ത്തും. കേരളത്തില്‍ കഴിവുളള ഒരുപാട് ചെറുപ്പക്കാരുണ്ട്. ഇവരുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാര്‍ പല പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ വലിയ പരിവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സാമൂഹിക നീതി ഉറപ്പുവരുത്താനുളള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

    യു ഡി എഫും എല്‍ ഡി എഫും ടൂറിസം വികസനത്തില്‍ അടിസ്ഥാനസൗകര്യം പോലും കേരളത്തില്‍ ഒരുക്കിയിട്ടില്ല. വിനോദ സഞ്ചാര മേഖലയ്ക്ക് ഉത്തേജനം നല്‍കുന്ന പദ്ധതികളാണ് കേന്ദ്രം ചെയ്യുന്നത്. പാലക്കാട് പോലുളള സ്ഥലങ്ങളില്‍ നൂതനമായ വിനോദ സഞ്ചാരത്തിനുളള അവസരങ്ങള്‍ വികസിപ്പിക്കും.

    ഇരുമുന്നണികളും കേരളത്തിന്റെ സംസ്‌കാരത്തെ നശിപ്പിക്കുകയാണ്. അവര്‍ ഈ നാടിന്റെ പാരമ്പര്യത്തെ നേരിട്ട് ആക്രമിക്കുകയാണ്. ഈ നാടിന്റെ സംസ്‌കാരത്തെ അവര്‍ അപമാനിക്കുന്നു. അനുഷ്ഠാനങ്ങളെ മുന്നണികള്‍ അവഹേളിക്കുകയാണ്. വിശ്വാസികള്‍ക്ക് നേരെയുണ്ടായ ലാത്തിച്ചാര്‍ജില്‍ യു ഡി എഫ് കൈയും കെട്ടിനോക്കിയിരിക്കുകയായിരുന്നു. വിശ്വാസം സംരക്ഷിക്കാന്‍ മുന്നില്‍ നിന്ന സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് മോശമായി പെരുമാറി. ബി ജെ പിയുടെ പ്രകടനപത്രികയില്‍ നമ്മുടെ സംസ്‌കാരത്തെപ്പറ്റി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

    കേരളത്തിലെ ഇടത് നേതാക്കള്‍ മാടമ്പിമാരായണ് പെരുമാറുന്നത്. അവരുടെ കണ്‍മുമ്പില്‍ രാഷ്ട്രീയ എതിരാളികള്‍ കൊല്ലപ്പെടുകയാണ്. ബി ജെ പിയുടെ നിരവധി ചെറുപ്പക്കാരായ പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ബി ജെ പിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ വന്നാല്‍ മാത്രമേ കൊലപാതകം അവസാനിപ്പിക്കാന്‍ കഴിയുകയുളളൂ. വികസനത്തിനും സദ്ഭരണത്തിനും വേണ്ടിയാണ് വോട്ട് ചെയ്യേണ്ടത്. കേരളത്തിലെ ചെറുപ്പക്കാരും ബി ജെ പിയും സംസ്ഥാനത്ത് മാറ്റം ആഗ്രഹിക്കുകയാണ്. ആ മാറ്റം ബി ജെ പി ഉറപ്പുതരികയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.