ഡി.എം.കെ. നേതാവ് സ്റ്റാലിന്റെ മകളുടെ വീട്ടില്‍ ആദായനികുതി റെയ്ഡ്

ചെന്നൈ: ഡി.എം.കെ. നേതാവ് എം.കെ. സ്റ്റാലിന്റെ മകളുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. സ്റ്റാലിന്റെ മരുമകന്‍ ശബരീശന്റെ സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. ഇന്നു രാവിലെ എട്ടുമണിയോടെയാണ് സ്റ്റാലിന്റെ മകള്‍ സെന്താമരയുടെ ചെന്നൈയ്ക്ക് സമീപത്തെ നീലാങ്കരയിലെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്. അതേസമയം വിഷയത്തില്‍ സ്റ്റാലിന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സ്റ്റാലിന്റെ മരുമകന്‍ ശബരീശനുമായി ബന്ധപ്പെട്ട മൂന്നിടങ്ങളില്‍ കൂടി ഇപ്പോള്‍ റെയ്ഡ് പുരോഗമിക്കുന്നത്. ഇതില്‍ ഒരിടം അണ്ണാനഗറിലെ ഡി.എം.കെ. സ്ഥാനാര്‍ഥി മോഹന്റെ മകന്‍ കാര്‍ത്തിക്കിന്റെ വീടാണ്. ശബരീശനുമായി അടുത്ത ബന്ധമാണ് കാര്‍ത്തിക്കിനുള്ളത്.

തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് പണം സമാഹരിക്കുന്നതിനും അത് വിതരണം ചെയ്യുന്നതിനുമായുള്ള ഇടപെടല്‍ ശബരീശന്‍ നടത്തിയിട്ടുണ്ടെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നതെന്നും ആദായനികുതി വകുപ്പ് അധികൃതര്‍ വ്യക്താമാക്കിയിട്ടുണ്ട്.