വൈദ്യുതി ബോര്‍ഡും അദാനിയും തമ്മില്‍ 8,850 കോടിയുടെ വഴിവിട്ട കരാര്‍: ആരോപണവുമായി ചെന്നിത്തല

ഹരിപ്പാട്ന്മ തിരഞ്ഞെടുപ്പിനു നാലു ദിവസം മാത്രം ശേഷിക്കേ സര്‍ക്കാരിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വൈദ്യുതി ബോര്‍ഡും അദാനി ഗ്രൂപ്പും തമ്മില്‍ വഴിവിട്ട കരാറുണ്ടെന്ന് രമേശ് ചെന്നിത്തല ഹരിപ്പാട്ട് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 25 വര്‍ഷത്തേക്ക് കൂടിയ തുകയ്ക്ക് വൈദ്യുതി വാങ്ങാനാണ് നീക്കം.

സംസ്ഥാന വൈദ്യുതി ബോര്‍ഡ് 2019 ജൂണിലും സെപ്റ്റംബറിലും കേന്ദ്രത്തിന്റെ സോളര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (SECI) എന്ന കമ്പനിയുമായി ഒപ്പുവച്ച കരാറാണ് അദാനിയുടെ കച്ചവടത്തിന് സംസ്ഥാനത്ത് വഴി തുറന്നത്. 300 മെഗാവാട്ട് വൈദ്യുതി അദാനി ഗ്രൂപ്പില്‍നിന്ന് വാങ്ങാനാണ് കരാര്‍. നിലവില്‍ യൂണിറ്റിന് രണ്ടു രൂപ നിരക്കില്‍ സോളര്‍ വൈദ്യുതി ലഭ്യമാണ് എന്നിരിക്കെ യൂണിറ്റിന് 2.82 രൂപ നിരക്കിലാണ് അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങാന്‍ കരാറെന്നു ചെന്നിത്തല ആരോപിച്ചു.

Renewal purchase obligation (RPO)യുടെ മറവിലാണ് ഈ കരാര്‍. പാരമ്പര്യേതര ഊര്‍ജ ഉപഭോഗം വര്‍ധിപ്പിക്കുന്നതിനാണിത്. ഇതനുസരിച്ച് 5% വൈദ്യുതി എങ്കിലും ഈ ഇനത്തില്‍ നാം വാങ്ങേണ്ടിവരും. കാറ്റില്‍ നിന്നുള്ള വൈദ്യുതി വാങ്ങുന്നതിനാണ് കരാര്‍. 25 വര്‍ഷത്തേക്കുള്ള ദീര്‍ഘകാല വൈദ്യുതി കരാര്‍ ലോകത്ത് ഒരിടത്തുമില്ല. 8,850 കോടിയുടെ കരാറില്‍ അദാനിക്ക് 1,000 കോടിയിലേറെ രൂപയാണ് ലാഭം. കാറ്റില്‍നിന്നുള്ള വൈദ്യുതി വാങ്ങുന്നത് യൂണിറ്റിന് രണ്ടു രൂപ 82 പൈസ നിരക്കിലാണ്. മറ്റ് സ്രോതസുകളില്‍നിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് ഒരു രൂപയാണ് നിരക്ക്. അടിയന്തരമായി കരാര്‍ റദ്ദാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ആര്‍പിഒയുടെ പരിധിയില്‍ കാറ്റില്‍നിന്നുള്ള വൈദ്യുതി മാത്രമല്ല, തിരമാലയില്‍നിന്നും സോളറില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയും ഉള്‍പ്പെടുന്നു. മാത്രമല്ല, 25 മെഗാവാട്ടിന്റെ താഴെയുള്ള ജലവൈദ്യുത പദ്ധതികളിലെ വൈദ്യുതിയും ഈ വിഭാഗത്തില്‍ പെടുന്നതാണ്. 25 മെഗാവാട്ടിന് താഴെയുള്ള നിരവധി ജലവൈദ്യുതി പദ്ധതികള്‍ കേരളത്തിലുണ്ട്. അവയില്‍ നിന്ന് യൂണിറ്റിന് 1 രൂപയ്ക്ക് താഴെ നിരക്കില്‍ കറന്റ് ഇപ്പോള്‍ തന്നെ കിട്ടുന്നുണ്ട്. സോളര്‍ വൈദ്യുതിക്കാകട്ടെ ഇപ്പോള്‍ 2 രൂപയാണ് ശരാശരി വില മാത്രമല്ല, ആഗോള തലത്തില്‍ തന്നെ സോളാര്‍ വൈദ്യുതിയുടെ വില കുറഞ്ഞു കൊണ്ടിരിക്കുന്നു.

അടുത്ത 25 വര്‍ഷത്തേയ്ക്ക് സംസ്ഥാനത്തെ ജനത്തിന്റെ പോക്കറ്റില്‍ നിന്ന് കയ്യിട്ട് വാരാന്‍ അദാനിക്ക് സൗകര്യമുണ്ടാക്കിക്കൊടുത്തിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. കൂട്ടായി ഇടതുപക്ഷത്തിന്റെ പുതിയ സഖ്യകക്ഷികളായ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരുമുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് അദാനിക്ക് കേരളത്തില്‍ ലാഭമുണ്ടാക്കുന്ന ഒരു കരാര്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.