‘മോഹന്‍കുമാര്‍ ഫാന്‍സി’നെതിരെ പരാതി നല്‍കുമെന്ന് പറഞ്ഞത് ഏപ്രില്‍ ഫൂളെന്ന് രാഹുല്‍ ഈശ്വര്‍

തന്നെ വ്യക്തിപരമായി അപമാനിച്ചു എന്ന് കാണിച്ചുകൊണ്ട് ‘മോഹന്‍കുമാര്‍ ഫാന്‍സ്’ എന്ന ജിസ് ജോയ്-കുഞ്ചാക്കോ ബോബന്‍ ചിത്രത്തിനെതിരെ പരാതി നല്‍കുമെന്ന് പറഞ്ഞത് ഏപ്രില്‍ ഫൂള്‍ ദിനവുമായി ബന്ധപ്പെട്ടുകൊണ്ടാണെന്നും അതൊരു ഏപ്രില്‍ ഫൂള്‍ തമാശയായിരുന്നു എന്നും രാഹുല്‍ ഈശ്വര്‍. സംഭവത്തെ ആ സ്പിരിറ്റില്‍ തന്നെ എടുക്കണമെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. താന്‍ പരാതി നല്‍കുമെന്നുള്ള വാര്‍ത്തകള്‍ കണ്ടുകൊണ്ട് സിനിമയുടെ സംവിധായകന്‍ തന്നെ വിളിച്ചിരുന്നു എന്നും അദ്ദേഹം അതുമായി ബന്ധപ്പെട്ട് ഏറെ ടെന്‍ഷന്‍ അനുഭവിച്ചുവെന്നും മനസിലായതായി രാഹുല്‍ ഈശ്വര്‍ തന്റെ ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെ പറഞ്ഞു.സിനിമ കണ്ടപ്പോള്‍ തനിക്ക് തോന്നിയ ഒരു തമാശയാണ് ഇതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തമാശ കണ്ടെത്താന്‍ സാധിക്കാത്തവര്‍ തന്നെ വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്നുവെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. സിനിമയിലെ വീഡിയോ പകര്‍ത്തിയതിനെയും ചിലര്‍ വിമര്‍ശിച്ചുവെന്നും രാഹുല്‍ പറയുന്നു. സംഭവം തമാശയായി മാത്രം കണ്ടാല്‍ മതിയെന്ന് രാഹുല്‍ പറയുന്നുണ്ടെങ്കിലും നിരവധി പേര്‍ ഇക്കാര്യത്തില്‍ ഇദ്ദേഹത്തിന്റെ ‘തമാശ’യെ വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്ക് ലൈവിന് കീഴിലെ കമന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്.മോഹന്‍ കുമാര്‍ ഫാന്‍സ് എന്ന സിനിമയില്‍ തന്നെ അപമാനിക്കുന്ന തരത്തില്‍ അവതരിപ്പിച്ച നടന്‍ കുഞ്ചാക്കോ ബോബനും സൈജു കുറുപ്പിനും സിനിമയുടെ സംവിധായകനും എതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെ രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നത്.മുന്‍പ് ഒരു സ്വകാര്യ ചാനലില്‍ സംവാദത്തിനിടെ അവതാരകനോട് മുപ്പത് സെക്കന്റ് തനിക്ക് അനുവദിക്കൂ എന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്ന രാഹുലിന്റെ വീഡിയോയാണ് സിനിമയ്ക്കിടെ കാണിക്കുന്നത്. ഇതിനൊപ്പം അവതാരകനോട് മുപ്പത് സെക്കന്റ് രാഹുലിന് നല്‍കാന്‍ കുഞ്ചാക്കോ ബോബനും സൈജു കുറുപ്പും പറയുകയും ചെയ്യുന്നുണ്ട്. ഇത് തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നാണ് രാഹുല്‍ ആരോപിച്ചത്.