കൂടുതല്‍ പണം കണ്ട് മോഷ്ടിക്കാനെത്തിയ കള്ളന് ഹൃദയാഘാതം

കാണ്‍പുര്‍; മോഷണത്തിനിടെ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പണം കണ്ട് കള്ളന് ഹൃദയാഘാതമുണ്ടായി. ഉത്തര്‍പ്രദേശിലാണ് വിചിത്രമായ ഈ സംഭവം ഉണ്ടായത്. താന്‍ കൊള്ളയടിച്ച പണം പ്രതീക്ഷിച്ചതിലും അധികമാണെന്ന് മനസിലാക്കിയ കള്ളന് സന്തോഷം താങ്ങാനാകാതെയാണ് ഹൃദയാഘാതം ഉണ്ടായത്. അങ്ങനെ മോഷ്ടിച്ച പണത്തില്‍ ഏറിയ പങ്കും അദ്ദേഹത്തിന് ചികിത്സയ്ക്കായി ചെലവഴിക്കേണ്ടി വന്നു. കഴിഞ്ഞ മാസം ഉത്തര്‍പ്രദേശിലെ കോട്വാലി പ്രദേശത്ത് നടന്ന മോഷണവുമായി ബന്ധപ്പെട്ട് രണ്ട് മോഷ്ടാക്കളില്‍ ഒരാളെ ബുധനാഴ്ച അറസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യം പുറത്തായത്.

ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിന് മുമ്പാകെ കുറ്റസമ്മതം നടത്തി. ഫെബ്രുവരി 16, 17 തീയതികളില്‍ നവാബ് ഹൈദര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പൊതു സേവന കേന്ദ്രത്തില്‍ രണ്ട് മോഷ്ടാക്കള്‍ അതിക്രമിച്ചു കയറിയിരുന്നതായി ബിജ്നോര്‍ പോലീസ് സൂപ്രണ്ട് ധരം വീര്‍ സിംഗ് പറഞ്ഞു. ഹൈദര്‍ നല്‍കിയ പരാതി അനുസരിച്ച് ജനസേവന കേന്ദ്രത്തില്‍ നിന്ന് 7 ലക്ഷം രൂപയാണ് മോഷണം പോയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനായിരുന്നില്ല.

എന്നാല്‍ മാര്‍ച്ച് മുപ്പതിന് പുലര്‍ച്ചെ നൌഷീദ് എന്ന ആളെ നഗീന പോലീസ് സ്റ്റേഷന്‍ പരിധിക്കുള്ളിലെ അലിപൂരില്‍ നിന്ന് അറസ്റ്റ് ചെയ്തതോടെയാണ് കേസില്‍ വഴിത്തിരിവായി. ഇയാളെ ചോദ്യം ചെയ്തതോടെയാണ് ജനസേവന കേന്ദ്രത്തില്‍ മോഷണം നടത്തിയത് താനും സുഹൃത്ത് ഇജാസും ചേര്‍ന്നാണെന്ന് ഇയാള്‍ പറഞ്ഞത്. പ്രതീക്ഷിച്ചതിലും കൂടുതല്‍ പണം ലഭിച്ചതോടെ ഇയാള്‍ക്ക് അമിതമായി സന്തോഷിച്ച് ഹൃദയാഘാതം ഉണ്ടായതായി നൌഷീദ് പൊലീസിനോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയില്‍ ആഞ്ജിയോ പ്ലാസ്റ്റി ചികിത്സയ്ക്കു വിധേയനായ ഇജാസ് ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണെന്നും നൌഷീദ് പറഞ്ഞു. ഇജാസിനെ ഡോക്ടര്‍മാരുടെ ഉപദേശം തേടിയ ശേഷം കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് പറഞ്ഞു.