പറഞ്ഞ വാക്കൊന്നും പാലിച്ചില്ല ; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് തൃശൂര്‍ അതിരൂപത

    തൃശൂര്‍ : സംസ്ഥാന സര്‍ക്കാരിരെ രൂക്ഷമായി വിമര്‍ശിച്ച് തൃശൂര്‍ അതിരൂപത രംഗത്ത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നിട്ട് എല്ലാം ശരിയായത് ചില നേതാക്കളുടേയും ആശ്രിതരുടെയും കുടുംബങ്ങളില്‍ മാത്രമാണ്. അധികാരത്തിലെത്തുമ്പോള്‍ പറഞ്ഞ വാക്കൊന്നും പാലിച്ചിട്ടില്ല. അതിരൂപതയുെട മുഖപത്രമായ കത്തോലിക്കാ സഭയുടെ പുതിയ ലേഖനത്തിലാണ് സര്‍ക്കാരിനെതിരെയുള്ള രൂക്ഷ വിമര്‍ശനം.

    എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് വന്നിട്ട് ഒന്നും ശരിയാക്കിയില്ല എന്നതാണ് ഇടതുമുന്നണിക്കെതിരായ ആരോപണം. പിന്‍വാതില്‍ നിയമനം അടക്കമുള്ളവ എടുത്തുപറഞ്ഞാണ് അതിരൂപതയുടെ വിമര്‍ശനം. കഴിഞ്ഞ രണ്ടുമാസത്തെ കത്തോലിക്കാ സഭയുടെ ലേഖനങ്ങളില്‍ യുഡിഎഫിനെയും, എല്‍ഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണിരുന്നത്. ബിജെപിയെ പറ്റി ഒന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ പതിവിന് വിപരീതമായി ബിജെപിയേയും വിമര്‍ശിച്ചിട്ടുണ്ട്.

    ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ശക്തികളേയും അകറ്റി നിര്‍ത്തണമെന്നും, വളരെ ചിന്തിച്ച് മാത്രം വോട്ട് ചെയ്യണമെന്നും വിശ്വാസികളോട് അതിരൂപത നിര്‍ദ്ദേശിക്കുന്നുണ്ട്. യുഡിഎഫിനെതിരെയോ, കോണ്‍ഗ്രസിനെതിരെയോ ഒരു പരാമര്‍ശവും ലേഖനത്തിലില്ല. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ അവശേഷിക്കെ സഭയുടെ നിലപാട് ഏത് തരത്തില്‍ ബാധിക്കുമെന്ന ചിന്തയിലാണ് മുന്നണികള്‍.