സ്പ്രിംഗ്ലര്‍ വിവരങ്ങള്‍ ചോര്‍ത്തിയപ്പോള്‍ എം.എ.ബേബി കാശിക്ക് പോയിരിക്കുകയായിരുന്നോ? ചെന്നിത്തല

    ഹരിപ്പാട്: ആര്‍ക്കും പ്രാപ്യമായ സര്‍ക്കാര്‍ പുറത്തുവിട്ട രേഖകളാണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതെന്നും ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു. കുത്തക കമ്പനിയായ സ്പ്രിംഗ്ലര്‍ കേരളത്തിലെ ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയപ്പോള്‍ എം. എ. ബേബി കാശിക്ക് പോയിരിക്കുകയായിരുന്നോ എന്ന് ചെന്നിത്തല ചോദിച്ചു.

    പിണറായി വിജയന്‍ നേതൃത്വം നല്‍കിയ ആഭ്യന്തര വകുപ്പ് കഴിഞ്ഞ അഞ്ചുവര്‍ഷം സമ്പൂര്‍ണ പരാജയമായിരുന്നുവെന്ന് അലന്‍ താഹ വിഷയവും മാവോയിസ്റ്റുകളെ കൊന്നതും വാളയാര്‍, കസ്റ്റഡി മരണങ്ങള്‍ തുടങ്ങിയ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. സംഭവങ്ങളുടെ പേരില്‍ കുറ്റക്കാരായ പോലീസുകാരെ ജനരോഷം തണുത്തപ്പോള്‍ സ്ഥാനക്കയറ്റം നല്‍കി ആദരിക്കുകയായിരുന്നു ഗവണ്‍മെന്റ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

    2018ലെ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന് തന്റെ ആരോപണം ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ എന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പ്രതിയാകുമെന്നതിലാണ് പ്രളയത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നാളിതുവരെ ഏര്‍പ്പെടുത്താത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പ്രളയം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം ഏര്‍പ്പെടുത്തും.

    കോലീബി സഖ്യം കുറിച്ച് സി കെ പത്മനാഭന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പഴയ ഡിവൈഎഫ്ഐകാരന്‍ ആണെന്നും കിട്ടുന്ന അവസരത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും സിപിഎമ്മിനെ സഹായിക്കുകയും ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെ സഹായിക്കാന്‍ ബിജെപി ക്കുള്ളില്‍ ആളുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ എന്നും അദ്ദേഹം മറുപടിയായി പറഞ്ഞു. സിപിഎം ബിജെപി കൂട്ടുകെട്ടിന്റെ ഒരു ഭാഗമാണ് സി കെ പത്മനാഭന്റെ ഇന്നലത്തെ പ്രസ്താവന എന്നും അദ്ദേഹം പറഞ്ഞു.