വേഷംമാറി ജീവനക്കാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും ഐസ്‌ക്രീമുമായെത്തിയത് വിവിഐപി

വാഷിംഗ്ടണ്‍: തന്റെ വിമാനത്തില്‍ ഒപ്പമുണ്ടായിരുന്ന ജീവനക്കാര്‍ക്കും പത്ര പ്രവര്‍ത്തകര്‍ക്കും ഐസ്‌ക്രീം നല്‍കി ഏപ്രില്‍ ഫൂളാക്കി അമേരിക്കന്‍ പ്രഥമ വനിത. പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യ ജില്‍ ബൈഡനാണ് ഫ്ളൈറ്റ് അറ്റന്റന്‍ഡായി വേഷംമാറി വിമാനത്തിലിരുന്നവര്‍ക്ക് ഐസ്‌ക്രീം നല്‍കിയത്.

കാലിഫോര്‍ണിയയില്‍ നിന്നും വാഷിംഗ്ടണിലേക്ക് തിരികെ പോകുമ്പോഴാണ് തന്റെ വിമാനത്തിലെ ജീവനക്കാരെ ജില്‍ പറ്റിച്ചത്. ജാസ്മിന്‍ എന്ന് പേര് മാറ്റി ഫ്ളൈറ്റ് അറ്റന്റന്‍ഡിന്റെ വേഷത്തിലെത്തിയ ജില്‍ എല്ലാവര്‍ക്കും ഐസ്‌ക്രിം നല്‍കി. വാങ്ങിയവരെല്ലാം ഐസ്‌ക്രീം വാങ്ങി കഴിച്ചുതുടങ്ങിയതോടെ വിഗും മറ്റ് മേക്കപ്പും നീക്കി ‘ഏപ്രില്‍ഫൂള്‍’ എന്ന് ജില്‍ ഉറക്കെ പറഞ്ഞു. അപ്പോഴാണ് തങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത് രാജ്യത്തെ പ്രഥമ വനിതയാണെന്ന് അവരെല്ലാം മനസ്സിലാക്കിയത്.

മുന്‍പും ജില്‍ വേഷംമാറി മറ്റുളളവരെ ഏപ്രില്‍ഫൂളാക്കിയിട്ടുണ്ട്. ജോ ബൈഡന്‍ വൈസ് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക വിമാനത്തിലെ ജീവനക്കാരെയായിരുന്നു ജില്‍ ബൈഡന്‍ അന്ന് പറ്റിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ