നിയമരംഗത്തുള്ളവര്‍ക്ക് സമൂഹ മാധ്യമ പെരുമാറ്റച്ചട്ടം: സര്‍ക്കാരിനെയും സംവിധാനങ്ങളെയും അവഹേളിക്കരുത്

    കൊച്ചി: സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ നയങ്ങളെയും മറ്റും വിമര്‍ശിച്ച് അപകീര്‍ത്തികരമായ പ്രസ്താവനകള്‍ ഇടരുതെന്നുള്ള നിര്‍ദേശമടക്കം നിയമരംഗത്തുള്ളവര്‍ക്കു സമൂഹമാധ്യമ പെരുമാറ്റ ചട്ടം ഹൈക്കോടതി നടപ്പാക്കി. ജില്ലാ ജഡ്ജിമാര്‍ ഉള്‍പ്പെടെ ഹൈക്കോടതി,

    കീഴ്‌ക്കോടതി ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും ഇതു ബാധകമാണ്. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കരട് പെരുമാറ്റച്ചട്ടം അംഗീകരിച്ചെന്ന് റജിസ്ട്രാര്‍ ജനറല്‍ സോഫി തോമസ് അറിയിച്ചു.

    സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥര്‍, വകുപ്പ് മേധാവികള്‍, ജഡ്ജിമാര്‍, രാഷ്ട്രീയ നേതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെതിരെയും നിന്ദ്യമായ പ്രസ്താവനകള്‍ക്കു സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

    പെരുമാറ്റച്ചട്ടത്തിലെ ചില നിര്‍ദേശങ്ങള്‍
    കോടതികളിലെ കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കാനുള്ള മോണിറ്ററിങ് സെല്‍, സമൂഹ മാധ്യമ ദുരുപയോഗം റജിസ്ട്രാര്‍ ജനറലിനു റിപ്പോര്‍ട്ട് ചെയ്യും.

    ഇമെയില്‍ വിലാസങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും അറിയിക്കണം.

    വ്യാജ ഐഡികളും സമൂഹ മാധ്യമ അക്കൗണ്ടുകളും ഉപയോഗിക്കരുത്.

    ഓഫിസ് സമയങ്ങളില്‍ ഔദ്യോഗിക ആവശ്യത്തിനുമാത്രം ഇന്റര്‍നെറ്റ് ഉപയോഗം.

    ഔദ്യോഗിക സൈറ്റ് വഴി വ്യക്തിപരമായ ആശയവിനിമയം പാടില്ല.

    മുന്‍കൂര്‍ അനുമതിയില്ലാതെ ഔദ്യോഗിക രേഖകളും ഡേറ്റയും സമൂഹമാധ്യമങ്ങളിലും മറ്റും പ്രസിദ്ധീകരിക്കരുത്.

    മൊബൈല്‍ ഫോണ്‍, ടാബ്ലറ്റ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ ഹാക്കിങ്ങിനോ മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗിക്കരുത്, നിന്ദ്യവും അപമാനകരവുമായ ഭാഷ സമൂഹമാധ്യമങ്ങളില്‍ ഉപയോഗിക്കരുത്.