കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; സിപിഎം പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

കണ്ണൂര്‍ന്മ വോട്ടെടുപ്പിന് പിന്നാലെ കണ്ണൂരിലുണ്ടായ അക്രമത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൂത്തുപറമ്പ് പുല്ലൂക്കരയിലെ പാറാല്‍ മന്‍സൂര്‍(21) ആണ് ഇന്നലെ അര്‍ധരാത്രിയോടെ കൊല്ലപ്പെട്ടത്. സഹോദരന്‍ മുഹസിന്(27) സാരമായ പരുക്കുണ്ട്. സിപിഎം ആണ് അക്രമത്തിന് പിന്നിലെന്ന് ലീഗ് ആരോപിച്ചു.

സംഭവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകന്‍ ഷിനോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസിയാണ് ഷിനോസ്. അക്രമി സംഘത്തിലെ 11 പേരെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ് അറിയിച്ചു.

രാത്രി എട്ടരയോടെ ബോംബെറിഞ്ഞ് വീട്ടില്‍ അതിക്രമിച്ചു കയറിയ ഒരുസംഘം, ഇരുവരെയും വെട്ടുകയായിരുന്നു. തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി തോരണം കെട്ടുന്നതിനേച്ചൊല്ലി തിങ്കളാഴ്ച രാത്രിയുണ്ടായ തര്‍ക്കമാണ് ഇന്നലത്തെ സംഘര്‍ഷത്തിലേക്ക് നയിച്ചത്. മൃതദേഹം ഇപ്പോള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആണുള്ളത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൂത്തുപറമ്പിലേക്ക് കൊണ്ടുപോകും.

മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി ആഹ്വാനം ചെയ്തു.                                                                                                            ‘ലീഗ് ഈ ദിവസം വര്‍ഷങ്ങളോളം ഓര്‍മിക്കും’; കൊലയ്ക്ക് മണിക്കൂറുകള്‍ മുന്‍പ് സ്റ്റാറ്റസ്

          പാനൂരില്‍ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ലീഗ് പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വാട്‌സാപ് സ്റ്റാറ്റസാണ് പുറത്തുവന്നത്. ‘ഈ ദിവസം ലീഗുകാര്‍ വര്‍ഷങ്ങളോളം ഓര്‍ത്തുവയ്ക്കും, ഉറപ്പ്’ എന്നായിരുന്നു സ്റ്റാറ്റസ്. കൂത്തുപറമ്പില്‍ ഇന്നലെ നടന്ന ലീഗ് – സിപിഎം സംഘര്‍ഷത്തിനു പിന്നാലെയാണ് സ്റ്റാറ്റസ് ഇട്ടത്.

പൊലീസിനെ അറിയിച്ചിട്ടും സംഭവത്തില്‍ നടപടി ഒന്നും ഉണ്ടായില്ലെന്നും ലീഗ് അറിയിച്ചു. ലീഗ് പ്രവര്‍ത്തകനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കൂത്തുപറമ്പിലെ 149ാം ബൂത്തില്‍ വച്ചാണ് ഭീഷണിപ്പെടുത്തിയത്.
ഓപ്പണ്‍വോട്ട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു വിവരം. വോട്ട് ചെയ്യാന്‍ ലീഗുകാര്‍ ആളുകളെ കാറില്‍ എത്തിച്ചത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഉച്ചയോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചെങ്കിലും രാത്രിയോടെ വീണ്ടും രൂക്ഷമാകുകയായിരുന്നു.
രാത്രി എട്ടുമണിയോടെ മന്‍സൂറിന്റെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. വീടിനു മുന്നില്‍ ബോംബെറിഞ്ഞ ശേഷമാണ് മന്‍സൂറിനെ വെട്ടിയത്. മന്‍സൂറിനെയും പരുക്കേറ്റ സഹോദരനെയും കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മന്‍സൂര്‍ പുലര്‍ച്ചയോടെ മരിച്ചു.