മാനേജരെ ബാങ്കിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൂത്തുപറമ്പ് (കണ്ണൂര്‍): മാനേജരെ ബാങ്കിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാനറ ബാങ്ക് കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖാ മാനേജര്‍ കെ.സ്വപ്ന (38)യെയാണ് ബാങ്കിനകത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. 9 മണിയോടെ  ജീവനക്കാരി ബാങ്കില്‍ എത്തിയപ്പോഴാണ് സ്വപ്നയെ മരിച്ച നിലയില്‍ കാണുന്നത്. ഉടന്‍ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

കൂത്തുപറമ്പ് എസിപി കെ.ജി. സുരേഷും എസ്‌ഐ കെ.ടി. സന്ദീപും പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദം മൂലമാണ് ആത്മഹത്യ ചെയ്തതെന്ന ഡയറി കുറിപ്പും കണ്ടെടുത്തു. കൂത്തുപറമ്പിനടത്ത് നിര്‍മലഗിരി കുട്ടിക്കുന്നിലാണ് സ്വപ്ന കുടുംബത്തോടൊപ്പം താമസം.

ഭര്‍ത്താവ് ഒരു വര്‍ഷം മുന്‍പ് മരിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവര്‍ ബാങ്ക് മാനേജരായി തൊക്കിലങ്ങാടിയില്‍ എത്തിയത്. രണ്ട് കുട്ടികളുണ്ട്. തൃശൂര്‍ മണ്ണുത്തി മുള്ളേക്കര സ്വദേശിനിയാണ്.